ആലുവ: നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കുമായി കറങ്ങിയ കുട്ടി റൈഡറെ വീട്ടിലെത്തി പൊക്കി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. കുട്ടമശ്ശേരി സ്വദേശിയാണ് എം വി ഡിയുടെ കൈയ്യിൽ കുടുങ്ങിയത്. കുട്ടി റൈഡർക്കെതിരെ 3 കേസുകളുമെടുത്തു.
ആലുവയിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ പെണ്‍ സുഹൃത്തുമായി കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പരിശോധനക്കായി നിർത്താന്‍ ആവശ‍്യപ്പെട്ടെങ്കിലും വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. എന്നാൽ വാഹനത്തിന്‍റെ മറ്റൊരു ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന രജിസ്ട്രേഷന്‍ നമ്പര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു.
അതില്‍ നിന്ന് അന്നത്തെ ഉടമയെ ബന്ധപ്പെടുകയും തുടർന്നുള്ള അന്വഷണത്തിലാണ് വാഹനം വിറ്റതാണെന്ന് മനസിലാക്കി പുതിയ ഉടമയുടെ നമ്പർ വാങ്ങുകയും ചെയ്യുന്നത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ 2021-ല്‍ ഈ വാഹനത്തിനെതിരേ ഒരു കേസ് ഉള്ളതായി കണ്ടെത്തി.പിന്നീട് വാഹനം വില്‍ക്കുന്നതിന് ഇടനിലക്കാരനായ വ്യക്തി വഴി പുതിയ ഉടമയെ കണ്ടെത്തി.
വാഹനം ഇപ്പോള്‍ സ്വന്തമാക്കിയിട്ടുള്ള ഉടമയുടെ അനുജന്‍റെ സുഹൃത്താണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയപ്പോള്‍ വാഹനം ഉപയോഗിച്ചിരുന്നത് എന്ന് മനസ്സിലായി. സുഹൃത്തിന്‍റെ വാഹനത്തിന് സ്പെയര്‍ പാര്‍ട്സ് വാങ്ങാനെന്ന പേരിലാണ് ബൈക്ക് ഓടിക്കാന്‍ വാങ്ങിയത്. അന്വേഷണം നടത്തി കുട്ടമശ്ശേരിയിലെ വീട്ടിലെത്തി കുട്ടിയെ കൈയോടെ പൊക്കി.
ലൈസന്‍സില്ലാതെ വാഹനം ഉപയോഗിച്ചതിനും ഉടമസ്ഥാവകാശം മാറ്റാത്തതിനും വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയതിനും കുട്ടി റൈഡര്‍ക്കെതിരെ 3 കേസും എടുത്തു.
Discussion about this post