ചോദ്യം: വസ്തു ഉടമയെ നാട്ടിൽ നിന്നും കാണാതായിട്ട് 15 വർഷങ്ങളായി. തിരിച്ചു വന്നിട്ടില്ല. അദ്ദേഹത്തിന് ഭാര്യയും 3 മക്കളുമുണ്ട്. ഉടമയുടെ പേരിലുള്ള വസ്തുവകകളിൽ നിന്ന് അല്പം വിറ്റിട്ടെങ്കിലും പെണ്മക്കളുടെ വിവാഹച്ചെലവ് കണ്ടെത്താമെന്ന് ഭാര്യ കരുതുന്നു. സാധിക്കുമോ?
ഉത്തരം: ഒരു പട്ടാദാർ 7 വർഷത്തിലധികമായി കാണാതാവുകയും അയാൾ ജീവിച്ചിരിപ്പുണ്ടെന്ന് തെളിവില്ലാതെ വരുകയും ചെയ്താൽ നിയമപരമായ അനന്തര അവകാശികളുടെ പേരിൽ പോക്കുവരവു ചട്ടം 27 (ii) വ്യവസ്ഥകൾക്ക് വിധേയമായി സ്ഥലം പോക്കുവരവ് ചെയ്ത് നൽകപ്പെടും. അനന്തരാവകാശികൾ ഇല്ലാത്ത സാഹചര്യത്തിൽ വസ്തുവിന്റെ കൈവശാവകാശക്കാരന്റെ പേരിലും നടപടിക്രമങ്ങൾ പാലിച്ചു പോക്കുവരവ് ചെയ്ത് നൽകപ്പെടാൻ സാധ്യതയുണ്ട്.
മുകളിൽ കാണിച്ചിട്ടുള്ള രണ്ട് സംഗതികളിൽ ആക്ഷേപമുള്ള ഏതെങ്കിലും വ്യക്തി തന്റെ അവകാശം സ്ഥാപിക്കാൻ അതിലേക്കായി സിവിൽ കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തിട്ടുണ്ടെന്നും അതിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കിയിട്ടുണ്ട് എന്നുമുള്ള ഒരു ഡിക്ലറേഷൻ നൽകാത്ത പക്ഷം മൂന്നുമാസത്തിനുള്ളിൽ വസ്തുവിന്റെ അവകാശി/ കൈവശാവകാശക്കാരന്റെ പേരിൽ പോക്കുവരവ് ചെയ്ത് നൽകപ്പെടും.
അതിർത്തിയും വിസ്തൃതിയും വേർതിരിക്കാതെയുള്ള കൂട്ടായ കൈമാറ്റങ്ങളുടെ കാര്യത്തിൽ എല്ലാ അവകാശികളെയും പേരിൽ കൂട്ടായി മാത്രമേ പോക്കുവരവു ചെയ്യപ്പെടുകയുള്ളൂ. അവകാശികൾ കൂട്ടായി നികുതി കൊടുക്കുവാനും ബാധ്യസ്ഥരാണ്. വ്യക്തമായ അതിർത്തിയും അവകാശവും നിശ്ചയിക്കുന്ന പക്ഷം ഓരോരുത്തരുടെയും പേരിൽ പ്രത്യേകം പോക്കുവരവ് അനുവദിക്കപ്പെടും.
ഒറ്റി, പാട്ടം പോലുള്ള മുതലായ ഉപാധി ബന്ധിതമായ കൈമാറ്റങ്ങൾക്ക് പോക്കുവരവ് അനുവദിക്കപ്പെടില്ല. എന്നുകൂടി അറിയുക.
Discussion about this post