വയനാട്: മോഷണ ശ്രമത്തിനിടെ ഉറങ്ങിക്കിടന്ന ദമ്പതികളെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. കോഴിക്കോട് തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ കല്ലങ്ങോട്ടുമ്മല്‍ വിശ്വനാഥനാണ് കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.
കൊലപാതകം, കവര്‍ച്ച, ഭവനഭേദനം, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
2018 ജൂലായ് ആറിനാണ് നടന്നത്. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് വിശ്വനാഥന് ദമ്പതിമാരെ അടിച്ചുകൊന്നത്. വീട്ടില്‍ കയറിയ വിശ്വനാഥന് ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു.
ശബ്ദംകേട്ടുണര്‍ന്ന ഉമ്മറിനെയും ഫാത്തിമയെയും കൈയില്‍ കരുതിയിരുന്ന കമ്പിവടികൊണ്ട് അടിച്ചു. മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥന് രക്ഷപ്പെടുകയായിരുന്നു.
അന്നത്തെ മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് കേസ് അന്വേഷിച്ചത്.
Discussion about this post