തിരുവനന്തപുരം: കണ്ണൂർ ന്യൂമാഹിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പോലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
നിലവിൽ പോലീസ് അന്വേഷണം മുന്നോട്ടു പോവുകയാണ്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് പുലർച്ചെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കൊലചെയ്യപ്പെട്ടത്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് അത് തകർക്കാൻ നടത്തിയ ആസൂത്രിത സംഭവമാണിത് എന്നാണ് വ്യക്തമാകുന്നത്.
നാട്ടിൽ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. പ്രകോപനത്തിൽ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു. ഹരിദാസിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post