
പയ്യോളി: ദുർഗന്ധം വമിക്കുന്ന ഹോട്ടൽ മാലിന്യം പണി പൂർത്തിയാവാത്ത ഡ്രെെെയ്നേജിലേക്ക് ഒഴുക്കിയ റസ്റ്റോറൻ്റിന് താഴ് വീണു. പയ്യോളി ദേശീയ പാതയിൽ മേലടിബ്ലോക്ക് ഓഫീസ് റോഡിന് സമീപം പ്രവർത്തിക്കുന്ന ബേക്ക് ഹോം റസ്റ്റോറൻ്റിനാണ് പ്രവർത്തനം നിർത്തിവെക്കാൻ പയ്യോളി നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയത്. മാലിന്യ സംസ്കരണത്തിന് സൗകര്യമൊരുക്കി നഗരസഭ ആരോഗ്യ വിഭാഗത്തെ ബോധ്യപ്പെടുത്തിയതിന് ശേഷമേ പ്രവർത്തനം ആരംഭിക്കാൻ പാടുള്ളൂ എന്നും സ്ഥാപനത്തിന് കർശന നിർദ്ദേശം നൽകി.


ഇന്ന് (ചൊവ്വാഴ്ച) നടന്ന പരിശോധനയിൽ ആരോഗ്യ വിഭാഗത്തിന് നിയമ ലംഘനം ബോധ്യപ്പെടുകയും നടപടിയെടുക്കുകയുമായിരുന്നു. തുടർന്ന്, ഇവർ ഡ്രെയ്നേജിലേക്ക് മലിനജലം ഒഴുക്കാനായി ഉപയോഗിച്ച പി വി സി പൈപ്പ് അടച്ചു. സൗകര്യമൊരുക്കുന്നത് വരെ ഹോട്ടൽ അടച്ചിടാനും ഒപ്പം നിയമ ലംഘനത്തിന് പിഴയുമീടാക്കുമെന്നും എച്ച് ഐ ടി ചന്ദ്രൻ പയ്യോളി വാർത്തകളോട് പറഞ്ഞു.


ഹോട്ടൽ മാലിന്യം പണി പൂർത്തിയാവാത്ത ഡ്രെയ്നേജിൽ ഒഴുക്കിവിടുന്നത് സംബന്ധിച്ച് ഇന്നലെ പയ്യോളി വാർത്തകൾ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചത്.
ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നിർമാണം പാതിവഴിയിലുള്ള ഡ്രെയ്നേജിലേക്കാണ് ബേക്ക് ഹോം റസ്റ്റോറൻറിൽ നിന്നുമുള്ള മലിനജലം ഒഴുക്കിയത്.
ഇത് പരിസരവാസികൾ കണ്ടെത്തി പയ്യോളി പോലീസിൽ പരാതി നൽകി. തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെ, ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നിർമാണം പൂർത്തിയാവാത്ത ഡ്രെയ്നേജിലേക്ക് ഹോട്ടൽ മാലിന്യം ഒഴുക്കിയത് കണ്ടെത്തിയത്. ഏറെ നാളായി ഡ്രെയിനേജിലേക്ക് മലിനജലം ഒഴുക്കുന്നുണ്ടെന്നാണ് കരുതുന്നത്.
കെട്ടിക്കിടക്കുന്ന മലിനജലത്തിൽ പുഴുക്കളും കൊതുകു ലാർവയും നുരയ്ക്കുകയാണ്. നിർമാണം പൂർത്തിയാവാത്ത ഡ്രെയിനേജിൻ്റെ ഭിത്തിയിൽ പി വി സി പൈപ്പ് ഉറപ്പിച്ച് ഇതിലൂടെയാണ് മലിനജലം ഒഴുക്കുന്നത്.
നഗരസഭ എച്ച് ഐ ടി ചന്ദ്രൻ, ജെ എച്ച് ഐമാരായ ടി പി പ്രകാശൻ, പി ആർ രജനി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. നഗരസഭാ ഉപാധ്യക്ഷ സി പി ഫാത്തിമ, സ്ഥിരം സമിതി അധ്യക്ഷൻ കെ ടി വിനോദൻ, നഗരസഭാംഗം അൻവർ കായിരി കണ്ടി, പൊതുപ്രവർത്തകരും നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.
Discussion about this post