ആലുവ: നഗരസഭാ അധ്യക്ഷർ, സെക്രട്ടറി, അഡീഷനൽ സെക്രട്ടറി എന്നിവർക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടുപയോഗിച്ച് 15,000 രൂപ വില വരുന്ന മൊബൈൽ ഫോണുകൾ വാങ്ങുന്നതിന് സർക്കാർ ഉത്തരവ്. നേരത്തെ എല്ലാ നഗരസഭ അധ്യക്ഷർക്കും സെക്രട്ടറിമാർക്കും നഗരകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്കും ബി എസ് എൻ എൽ മുഖേന ക്ലോസ്ഡ് യുസർ ഗ്രൂപ്പ് (സി യു ജി) സംവിധാനത്തിൽ ഉൾപെടുത്തി പോസ്റ്റ് പെയ്ഡ് ഫോൺ നമ്പറുകൾ അനുവദിച്ചിരുന്നു. എന്നാൽ ഭൂരിഭാഗം നഗരസഭാ അധ്യക്ഷരും തങ്ങളുടെ പഴയ നമ്പർ തന്നെയാണ് ഉപയോഗിച്ചു വന്നിരുന്നത്.
ഭരണപരമായി സിയുജി സംവിധാനം അനിവാര്യമായതിനാലാണ് മൊബൈൽ ഫോണുകൾ അനുവദിച്ചത്. മേലിൽ സർക്കാർ ഉത്തരവുകളും അറിയിപ്പുകളും മറ്റും പുതിയ ഫോൺ നമ്പറിലേക്കാകും നൽകുക. അടുത്ത ഭരണസമിതി വരുമ്പോൾ പുതിയ അധ്യക്ഷർക്ക് ഫോൺ കൈമാറണം. 15,000 രൂപ വില വരുന്ന ഏത് സ്മാർട്ട് ഫോണും വാങ്ങാം. ഇപ്രകാരം വാങ്ങുന്ന ഫോണുകൾ നഗരസഭയുടെ ആസ്തിയായി പരിഗണിക്കും. ഐ എം ഇ ഐ നമ്പർ സഹിതം സ്റ്റോക്ക് രജിസ്റ്ററിൽ ചേർക്കും. വാങ്ങിയ തീയതി മുതൽ അഞ്ച് വർഷക്കാലയളവിനുള്ളിൽ ഹാൻഡ് സെറ്റ് / അനുബന്ധ ഉപകരണങ്ങൾ തനത് ഫണ്ട് ഉപയോഗിച്ച് വീണ്ടും വാങ്ങാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
Discussion about this post