പയ്യോളി: നഗരസഭയുടെ സ്വപ്ന പദ്ധതിയായ ‘ഒരില ഒരുതുള്ളി ഒരിടം’ ക്ലീൻ പയ്യോളിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. പയ്യോളി ബീച്ച് റോഡിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സ്വപ്ന പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ് നിർവഹിച്ചു.

തുടർന്ന് ഹരിതകർമ്മ സേനയ്ക്ക് സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു.
ഉപാധ്യക്ഷ സി പി ഫാത്തിമ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി എം ഹരിദാസ്, നഗരസഭാംഗം ടി ചന്തു, ഹെൽത്ത് ഇൻസ്പെക്ടർ ടി ചന്ദ്രൻ, വിവിധ സംഘടനാ പ്രതിനിധികളായ സബിഷ് കുന്നങ്ങോത്ത്, പി വി മനോജ്, സദക്കത്തുള്ള, വി എം ഷാഹുൽ ഹമീദ്, എ കെ ബൈജു, കെ പി റാണാപ്രതാപ്, പി പി രമ്യ പ്രസംഗിച്ചു.
ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ വി കെ അബ്ദുറഹിമാൻ സ്വാഗതവും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി പി പ്രജീഷ്കുമാർ നന്ദിയും പറഞ്ഞു.

തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ 13 ന് ഞായറാഴ്ച പൊതുജന പങ്കാളിത്തത്തോടെ പയ്യോളി ടൗൺ സമ്പൂർണ്ണ ശുചീകരണം നടത്തും. പയ്യോളിയെ വൃത്തിയും, വെടിപ്പും, അഴകുമുള്ള സമ്പൂർണ്ണ ശുചിത്വ നഗരസഭയായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്. ഒരു മാസക്കാലം തുടർച്ചയായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. നഗരസഭയിലെ എല്ലാ പൊതുയിടങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളും വൃത്തിയാക്കി സൗന്ദര്യവൽക്കരിക്കും.

എല്ലാ പാതയോരങ്ങളും കാടുവെട്ടി മാലിന്യങ്ങൾ നീക്കി സുന്ദരമാക്കും. മാലിന്യ നിക്ഷേപം തടയുന്നതിന് ബോർഡുകൾ സ്ഥാപിക്കും. നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. കക്ഷിരാഷ്ട്രീയ സംഘടനാ ഭേദമെന്യേ പൊതുജനങ്ങളുടെ പൂർണ്ണമായ പിന്തുണ രണ്ടാം ഘട്ട പദ്ധതിയിൽ ഉറപ്പ് വരുത്തും.
ഉദ്ഘാടന ചിത്രങ്ങളിലൂടെ….










Discussion about this post