പയ്യോളി: നഗരസഭ കുടുംബശ്രീ ചെയർപേഴ്സൺ എൻ കെ റീത്ത രാജി സമർപ്പിച്ചു. ഇന്ന് 11.30 യോടെയാണ് നഗരസഭ കുടുംബശ്രീ മെമ്പർ സെക്രട്ടറി വശം ജില്ലാ കോ-ഓർഡിനേറ്റർക്കാണ് രാജി നൽകിയത്. വ്യക്തി പരമായ കാരണങ്ങളാലാണ് മാറി നിൽക്കുന്നതെന്നാണ് രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ് വരാനിരിക്കെയാണ് തിടുക്കത്തിൽ രാജി സമർപ്പിച്ചത്.

ചെയർപേഴ്സൺ എൻ കെ റീത്ത നഗരസഭയിൽ നേരിട്ടെത്തി കുടുംബശ്രീ മെമ്പർ സെക്രട്ടറി ടി പി പ്രജീഷ് കുമാറിന് രാജി കൈമാറി. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് മെയിൽ ചെയതു. കോപ്പി വരണാധികാരിക്കും നൽകും.
കുടുംബശ്രീ സി ഡി എസ് തിരഞ്ഞെടുപ്പിൽ 36 ൽ 30 വോട്ടുകൾ നേടിയാണ്, ഇടതുപക്ഷ സ്ഥാനാർഥിയായി റീത്ത ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചത്. സർവ പിന്തുണയും പാർട്ടി നൽകിയിരുന്നുവെങ്കിലും ഹാജരാക്കിയ രേഖ തിരിച്ചടിക്കുമെന്ന് വന്നതോടെയാണ് മുഖം രക്ഷിക്കുന്നതിനായി രാജിവെക്കേണ്ടി വന്നത്. സംഭവം സി പി എമ്മിനും ക്ഷീണമായി.

ബി പി എൽ സംവരണ ഡിവിഷനായ 15 ൽ നിന്നും എ പി എൽ വിഭാഗത്തിലുള്ള റീത്ത സി ഡി എസിലേക്കെത്തിയത് 2009 ലെ ബി പി എൽ സാക്ഷ്യപത്രമുപയോഗിച്ചാണെന്നും അയോഗ്യയാക്കണമെന്നുമാവശ്യപ്പെട്ട് സി ഡി എസ് അംഗങ്ങളായ പി എം രാധയും എൻ സി സവിതയും നൽകിയ പരാതിയാണ് നടപടികളിലേക്കും ഒടുക്കം രാജിയിലേക്കും നയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എതിരാവുകയാണെങ്കിൽ റീത്തയ്ക്ക് സി ഡി എസ് അംഗത്വവും നഷ്ടപ്പെടും.
Discussion about this post