പയ്യോളി: മലിനവും ദുർഗന്ധ വാഹിയുമായ കൊളാവിപ്പാലം കോട്ടപ്പുഴ നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിലും ജനപ്രതിനിധികളും സന്ദർശിച്ചു. അഴിമുഖത്തിന് സമീപം കടലിൽ പുലിമുട്ട് നിർമിക്കുന്നതാണ് കോട്ടപ്പുഴയിലെ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരമെന്ന് നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ പയ്യോളി വാർത്തകളോട് പറഞ്ഞു.
ഇത് യാഥാർഥ്യമാക്കാൻ നഗരസഭക്ക് കഴിയില്ല. സംസ്ഥാന സർക്കാരാണ് ഇത് ചെയ്യേണ്ടത്. താത്കാലിക പരിഹാരം, അഴിമുഖത്ത് ഒഴുക്ക് തടസ്സപ്പെടുത്തി അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുക എന്നതാണെന്നും ചെയർമാൻ പറഞ്ഞു. ഇതിനായി കലക്ടറെ സമീപിക്കുമെന്നും അനുമതി ലഭിച്ചാലുടൻ അടുത്ത ദിവസം മുതൽ മണൽ നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കി പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊളാവി ചീർപ്പിന് തെക്കുഭാഗമാണ് പുഴ, പകർച്ചവ്യാധി ഭീഷണിയുണ്ടാക്കുന്ന രീതിയിൽ മലിനമായത്. അസഹനീയമായ ദുർഗന്ധവുമുണ്ട്, മത്സ്യങ്ങൾ ചത്തുപൊന്തുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ദുരിതം വിവരിച്ച് കഴിഞ്ഞ ദിവസം പയ്യോളി വാർത്തകൾ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
വാർത്തയിൽ വിവരിച്ച പ്രശ്നങ്ങൾ ചെയർമാനും ജനപ്രതിനിധികളും നേരിട്ടു കണ്ടു ബോധ്യപ്പെട്ടതോടെയാണ് ഉടൻ താത്കാലികമായ പരിഹാരത്തിനായി കലക്ടറെ കണ് മണൽ നീക്കം ചെയ്യാനുമുള്ള അനുമതി നേടാനുള്ള പ്രവർത്തങ്ങൾക്ക് വേഗം കൂട്ടിയത്.
നഗരസഭാധ്യക്ഷനൊപ്പം ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ വികെ അബ്ദുറഹിമാൻ, നഗരസഭാംഗങ്ങളായ നിഷാ ഗിരീഷ്, കെ സി ബാബു രാജ്, ചെറിയാവി സുരേഷ് ബാബു എന്നിവരുമുണ്ടായിരുന്നു.
സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ കൊളാവിപ്പാലം രാജൻ, എം പി മോഹനൻ, കെ എൻ രത്നാകരൻ, നാട്ടുകാർ എന്നിവർ പ്രദേശവാസികളുടെ ദുരിതങ്ങളും ആശങ്കകളും നഗരസഭാധ്യക്ഷനോട് വിവരിച്ചു.
Discussion about this post