മുംബൈ: പെൺകുട്ടിയോട് ഐ ലവ് യു പറഞ്ഞതിന് യുവാവിനെതിരെ ചുമത്തിയ പോക്സോ കേസ് തള്ളി പ്രത്യേക കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ എന്ന് ഒരു തവണ പറയുന്നത് പോക്‌സോ പ്രകാരമുള്ള കുറ്റമല്ലെന്ന് കോടതി വ്യക്തമാക്കി. ഗ്രേറ്റര്‍ മുംബൈയിലെ പ്രത്യേക കോടതിയാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
17കാരിയായ പെണ്‍കുട്ടിയോട് ഒരു തവണ ഇഷ്ടമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് 23കാരനെതിരെ ചുമത്തിയ പോക്സോ കേസ് പരിഗണിക്കവെയാണ് ജഡ്ജി കല്‍പന പാട്ടീലിന്റെ ഈ പ്രത്യേക ഉത്തരവ്. 2016-ലാണ് കേസിന് ആസ്പദമായ സംഭവം.
അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കുടുംബം ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. വീടിന് അടുത്തുള്ള പൊതു ശുചിമുറി ഉപയോഗിക്കാന്‍ പോയപ്പോഴാണ് യുവാവ് പെണ്‍കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞത്. പെണ്‍കുട്ടി ഈ വിവരം അമ്മയോട് പറയുകയും അമ്മ യുവാവിനോട് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറുപടി ഒന്നും ലഭിച്ചില്ല.
വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമത്തിലെ 12-ാം വകുപ്പ് പ്രകാരവും, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 509, 506 വകുപ്പുകള്‍ പ്രകാരവും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കേസ് പരിഗണിച്ച കോടതി ഒരു തവണ ഇഷ്ടമാണെന്ന് പറയുന്നത് പെണ്‍കുട്ടിയെ അപമാനിക്കുന്നതായി കണക്കാക്കാന്‍ കഴിയില്ല. സ്‌നേഹ പ്രകടമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ എന്നും ചൂണ്ടിക്കാട്ടി. യുവാവിനെതിരെ നല്‍കിയിരുന്ന കേസ് കോടതി റദ്ദാക്കുകയും ചെയ്തു.
Discussion about this post