കോഴിക്കോട്: തലശ്ശേരി പുന്നോലിൽ മത്സ്യ തൊഴിലാളിയായ ഹരിദാസിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം നീചവും മനുഷ്യ മന:സാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻപ്രസ്താവനയിൽ പറഞ്ഞു.
കണ്ണൂർ ജില്ലയിൽ ശാശ്വത സമാധാനം ആഗ്രഹിക്കുന്ന ജനങ്ങൾ വീണ്ടും പരിഭ്രാന്തിയിലാണ്. അര നൂറ്റാണ്ടിനിടയിൽ രാഷ്ട്രീയത്തിന്റെ പേരിൽ ഏറ്റവുമധികം മനുഷ്യരക്തം വീണ് കുതിർന്ന മണ്ണാണ് തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും .
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കുടിപ്പകയുടെയും രാഷ്ട്രീയമാണിവിടെ. ചെറുതും വലുതുമായ രാഷ്ട്രീയ നേതാക്കന്മാരുടെ ഭാഷ പ്രകോപനത്തിന്റെയും വെല്ലുവിളിയുടേതുമാണ്. ശുദ്ധ രാഷ്ട്രീയത്തിന്റെ ശൈലി ഇവർക്കറിയില്ല. ശരീരഭാഷ പോലും ധാർഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും താൻ പോരിമയുടേതുമാണ്. രാഷ്ട്രീയ പ്രതിയോഗിയെ പ്രാകൃതമായ ആയുധങ്ങളും നാടൻ ബോംബുകളും ഉപയോഗിച്ചാണ് ഇവർ നേരിടുന്നത്.
ഇളം തലമുറയിലെ എത്രയെത്ര കുട്ടികളെയാണ് ഇവർ വഴി തെറ്റിക്കുകയും ക്രിമിനലുകളാക്കുകയും ചെയ്തത്. നേതാക്കന്മാരുടെ മക്കളെല്ലാം സുരക്ഷിതരാണ്. അവർ മുതലാളിത്ത രാജ്യങ്ങളിൽ പഠിക്കുന്നു. രാജകുമാരന്മാരെപ്പൊലെ ജീവിക്കുന്നു.
അന്തിമ വിശകലനത്തിൽ തീരാക്കണ്ണീരും ദു:ഖവുമായി നിരാലംബ കുടുംബങ്ങൾ. കശ്മലന്മാരായ രാഷ്ട്രീയ നേതാക്കന്മാർക്കെതിരെയാണ് ജനവികാരം ആളിപ്പടരേണ്ടത്.
അറിയുമോ സ്നേഹിതരെ , പാവങ്ങളുടെ കയ്യിൽ കഠാരയും ബോംബും നല്കി അക്രമത്തിന് ഒളിഞ്ഞു നിന്ന് നേതൃത്വം കൊടുക്കുന്ന നേതാക്കന്മാർ തമ്മിൽ അവിശ്വസനീയമായ രഹസ്യ ധാരണയും ബന്ധവുമാണുള്ളത്.
ആർ എസ് എസ്സിന്റെ ഒരു പ്രമുഖ നേതാവ് സി പി എമ്മുമായുള്ള ബന്ധത്തിന്റെ പാലം താനാണെന്ന് കേരളത്തിലെ ഒരു പ്രശസ്ത വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ മറയില്ലാതെ പറഞ്ഞിട്ടുണ്ട്. ആരെയാണ് ഇവർ കബളിപ്പിച്ചു കൊണ്ടിരിക്കുന്നത്. കണ്ണൂരിൽ ഒരു വിവാഹ ഘോഷയാത്രയിൽ നടന്ന ബോംബാക്രമണത്തേ കുറിച്ചും അതിന് നേതൃത്വം നൽകിയ അക്രമി സംഘത്തെയും അവരുടെ രാഷ്ട്രീയ ബന്ധത്തെയും കുറിച്ച് പോലീസ് തന്നെ പറയുകയുണ്ടായി.
കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ കേരളത്തിൽ നടന്ന മൃഗീയ കൊലപാതകങ്ങൾ നിയമവാഴ്ചയ്ക്ക് ഏറ്റ ശക്തമായ ആഘാതങ്ങളാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ തുടരെ തുടരെയുള്ള ഇടപെടലുകൾ നിയമ സമാധാനം ഉറപ്പു വരുത്തേണ്ട പോലീസിനെ സ്വതന്ത്രവും നിർഭയവുമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ഇച്ഛാശക്തിയും നീതിബോധവും നിശ്ചയ ദാർഢ്യവുമുളള ഒരു ഭരണാധികാരിക്ക് മാത്രമെ നിയമ സമാധാന വാഴ്ച ഉറപ്പു വരുത്താൻ കഴിയുകയുള്ളൂ .അതിനു വേണ്ടത് നിയമം ഉയർത്തിപ്പിടിക്കാനുള്ള നൈതികതയും മനുഷ്യ സ്നേഹവുമാണ് . ധാർമ്മിക ധീരതയില്ലാത്ത ഒരു നേതൃത്വത്തിന് സമാധാനം ശാശ്വതമായി നിലനിർത്താനാവില്ല . കേരളം ആഗ്രഹിക്കുന്നത് സമാധാനവും ശാന്തിയുമാണ്.
ഉത്തർപ്രദേശും ബീഹാറുമായി കേരളം മാറില്ലെന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത നമുക്കെല്ലാവർക്കുമുണ്ട്. ആയുധം താഴെ വയ്ക്കാൻ പ്രബുദ്ധ കേരളം ഒറ്റക്കെട്ടായി ഉറക്കെ പറയണം . ഒരു നിമിഷം പോലും വൈകിക്കൂടായെന്നും എഴുതിനൽകിയ പ്രസ്താവനയിൽ മുല്ലപ്പള്ളി പറഞ്ഞു.
Discussion about this post