ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് സുപ്രീം കോടതി ഇടക്കാലജാമ്യം അനുവദിച്ചു. സുബൈറിനെ എത്രയുംവേഗം ജയില്‍മോചിതനാക്കണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സുബൈറിനെതിരായ കേസുകള്‍ അന്വേഷിക്കുന്നതിന് ഉത്തര്‍പ്രദേശ് പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ കോടതി പിരിച്ചുവിട്ടു. സുബൈറിനെതിരായ ഉത്തര്‍പ്രദേശിലെ ആറ് കേസുകള്‍ ഉള്‍പ്പെടെ എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റി.

ഉത്തര്‍പ്രദേശിലെ സീതാപുര്‍, ഡല്‍ഹി എന്നിവിടങ്ങളിലെ സുബൈറിനെതിരായ കേസുകളില്‍ നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. സമാന സ്വഭാവമുള്ള കേസുകളായതിനാലാണ് ഇപ്പോള്‍ അഞ്ച് കേസുകളില്‍ കൂടി ജാമ്യം അനുവദിച്ചിരിക്കുന്നത്. സമാനസ്വഭാവമുള്ള കേസുകളില്‍ ദീര്‍ഘകാലം കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതിന്റെ സാങ്കേതികത്വവും കോടതി ചോദ്യംചെയ്തു. യുപിയില്‍ ആറ് കേസുകളില്‍ എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. ഇത് ഒറ്റ കേസായി എഫ്‌ഐആര്‍ ഇട്ട ശേഷം ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ആയിരിക്കും കേസ് അന്വേഷിക്കുകയെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഇനി ട്വീറ്റുകള്‍ ചെയ്യരുതെന്ന നിര്‍ദേശം സുബൈറിന് നല്‍കണമെന്ന് യുപി പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗരിമ പ്രസാദ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ ആവശ്യം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ഒരു അഭിഭാഷകനോട് പ്രാക്ടീസ് ചെയ്യരുതെന്ന് പറയുന്നതിന് തുല്യമായിരിക്കും സുബൈറിനോട് ട്വീറ്റ് ചെയ്യരുതെന്ന് പറയുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഈ ആവശ്യം തള്ളിയത്.



































Discussion about this post