വയനാട്: കല്‍പ്പറ്റ ബൈപ്പാസ് റോഡിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി. കെആര്‍എഫ്ബി അസിസ്റ്റന്റ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവരെ സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. സംഭവത്തില്‍ കെ.ആര്.എഫ്.ബി. പ്രൊജക്ട് ഡയറക്ടറോടും എക്സിക്യൂട്ടീവ് എന്‍ജിനിയറോടും വിശദീകരണം തേടും.
കല്‍പ്പറ്റ ബൈപ്പാസ് പ്രശ്നം ജൂണ്‍ നാലിന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വയനാട് ജില്ലയിലെ ഡിഐസിസി യോഗത്തിലെ പ്രധാന അജണ്ടയായിരുന്നു. ബൈപ്പാസിന്റെ പ്രവൃത്തി നീണ്ടുപോകുന്നത് ജനങ്ങള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നത് യോഗത്തില്‍ ചര്‍ച്ചയായി. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കകം കുഴികള്‍ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ആറ് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നതും ഉള്‍പ്പെടെ കര്‍ശന നിലപാട് സ്വീകരിച്ചു. എന്നാല്‍ യോഗത്തിലെ തീരുമാനങ്ങള്‍ പരിപൂര്‍ണമായി നടപ്പിലാക്കാതിരുന്നതിനെ തുടർന്നാണ് ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചത്.
കാലാവസ്ഥ അനുകൂലമാകുന്നതിന് അനുസരിച്ച് അടിയന്തിരമായി റോഡ് ഗതാഗതയോഗ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഇതിന്റെ മേല്‍നോട്ടം നിര്‍വ്വഹിക്കും. റോഡ് ഗതാഗതയോഗ്യമാക്കുന്ന പ്രവൃത്തി അടിയന്തിരമായി നടപ്പിലാക്കിയില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post