മലപ്പുറം: ലഡാക്കിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശി ലാൻസ് ഹവീൽദാർ മുഹമ്മദ് ഷൈജലിന്റെ (41) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മൃതദേഹം രാവിലെ പത്തരയോടെ എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിക്കും.
പതിനൊന്നരയോടെ തിരൂരങ്ങാടി യത്തീംഖാനയിലും പരപ്പനങ്ങാടി എസ് എൻ എം ഹയർസെക്കൻഡറി സ്കൂളിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് മൂന്ന് മണിയോടെയായിരിക്കും ഖബറടക്കം. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്.
ഇന്ത്യ പാക് അതിർത്തിയിലെ തുർതുക് സെക്ടറിലേക്കുള്ള യാത്രയ്ക്കിടെയാണ് സൈനികർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്ക് വീണത്. 26 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഏഴ് പേർ മരിക്കുകയും പത്തൊൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ചില സൈനികരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
Discussion about this post