
പയ്യോളി: ദേശീയപാതാ വികസനം പയ്യോളി ടൗണിന്റെ എല്ലാ സൗകര്യവും നഷ്ടപ്പെടുത്തുമെന്നും നിലവിലുള്ള ദേശീയ പാത ഡിസൈൻ മാറ്റി പകരം പയ്യോളിയിൽ എലിവേറ്റഡ് ഹൈവേ സ്ഥാപിക്കണമെന്നുമാവശ്യപ്പെട്ട് ബി ജെ പി പയ്യോളി മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻ്റ് എ കെ ബൈജു, എം പി ഡോ. പി ടി ഉഷയ്ക്ക് നിവേദനം സമർപ്പിച്ചു.

ബി ജെ പിയുടെ അഭ്യർഥനയനുസരിച്ച് 27 ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ കാണുന്നുണ്ടെന്നും ഇതിനായി സമയം അനുവദിച്ചിട്ടുണ്ടെന്നും പി ടി ഉഷ എം പി ‘പയ്യോളി വാർത്തകളോട്’ പ്രതികരിച്ചു. എലിവേറ്റഡ് പാത പയ്യോളിയിൽ സ്ഥാപിക്കാനുള്ള എല്ലാ ശ്രമവും നടത്തുമെന്നും എം പി നേതാക്കൾക്ക് ഉറപ്പ് നൽകി.


ദേശീയപാത നിലവിലുള്ള സ്കെച്ചിൻ്റെ അടിസ്ഥാനത്തിൽ ഫ്ലൈഓവർ മണ്ണിട്ട് ഉയർത്തി പൂർത്തിയാവുന്നതോടെ നഗരം വിഭജിക്കപ്പെടുമെന്നും ബസ് സ്റ്റാന്റ് ഭാഗികമായി നഷ്ടപ്പെടുമെന്നും, എന്നാൽ ഇത് മുഴുനീളം പില്ലറുകളിൽ പണിയുകയാണെങ്കിൽ പലവിധത്തിലുള്ള സൗകര്യങ്ങളും പ്രയോജനങ്ങളും ഉണ്ടാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ഇരു ഭാഗത്തെയും ജനങ്ങൾക്ക് അനായാസം യാത്ര ചെയ്യാനും നഗരസഭയ്ക്ക് ഫ്ലൈഓവറിന് താഴെ ചെറുകിട വാണിജ്യ സ്ഥാപനങ്ങൾ നിർമിച്ച് വരുമാനമാർഗമാക്കാനും വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനും സൗകര്യമുണ്ടാകും. ഇങ്ങിനെ പാർക്കിങ്ങ് സൗകര്യമൊരുക്കുന്നതോടെ പയ്യോളി ടൗണിലെ ചെറുറോഡുകളിലെ ഗതാഗത കുരുക്ക് അഴിക്കാൻ കഴിയും. പയ്യോളി ടൗണിന്റെ നാശം ഒരു പരിധി വരെ പരിഹരിക്കാനുമാകുമെന്നും നിവേദനത്തിൽ സൂചിപ്പിച്ചു.

നിവേദകസംഘത്തിൽ പ്രസിഡൻ്റ് എ കെ ബൈജുവിനൊപ്പം മണ്ഡലം ജനറൽ സെക്രട്ടറി കെ സി രാജീവൻ, ട്രഷറർ കെ പി രമേശൻ മാസ്റ്റർ, വൈസ് പ്രസിഡൻ്റുമാരായ കെ എം ശ്രീധരൻ, അംബിക ഗിരിവാസൻ, യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് പി സനൽ ജിത്ത്, സജിത്ത് കളരിപ്പടി എന്നിവരുമുണ്ടായിരുന്നു.




Discussion about this post