ലഖ്നൗ: അമ്മ തന്നെ നാല് ലക്ഷം രൂപയ്ക്ക് ഹരിയാന സ്വദേശിക്ക് വിവാഹം കഴിക്കാനായി വിറ്റെന്ന പരാതിയുമായി യുപി സ്വദേശിനി. മഹെശ്ര സ്വദേശിനിയായ 18കാരിയാണ് അമ്മയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയത്. വിവാഹം ചെയ്ത പുരുഷൻ തന്നെ ആക്രമിക്കുകയും മോശം കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തതായി പെൺകുട്ടി ആരോപിച്ചു.
ബുധനാഴ്ചയാണ് പെൺകുട്ടി പരാതിയുമായി സ്റ്റേഷനിലേക്ക് വന്നതെന്ന് പോലീസ് സൂപ്രണ്ട് (നോർത്ത്) മനോജ് അവസ്തി പറഞ്ഞു. താൻ ചിലുവാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹേശ്ര പ്രദേശത്തെ താമസക്കാരിയാണെന്നും ഹരിയാനയിൽ നിന്നുള്ള ഒരാൾക്ക് തന്നെ അമ്മ വിറ്റ് വിവാഹം കഴിപ്പിച്ചെന്നും അവൾ പറഞ്ഞതായും എസ്പി വ്യക്തമാക്കി.
ഹരിയാനയിലെ യുവാവിൽ നിന്ന് അമ്മ നാലു ലക്ഷം രൂപ വാങ്ങി നവംബർ 23ന് തന്റെ വീട്ടിൽ വച്ച് നിർബന്ധിച്ച് വിവാഹം നടത്തിയതായും പെൺകുട്ടി പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ ആരോപണങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ രണ്ട് മൂത്ത സഹോദരിമാരെയും ഹരിയാനയിലേക്കാണ് വിവാഹം ചെയ്തയച്ചത്. പരാതിയിൽ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്ന് ചിലുവാൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സഞ്ജയ് മിശ്ര അറിയിച്ചു.
Discussion about this post