മേപ്പയ്യൂർ: സ്പൈനൽ മാസ്കുലർ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട പാലേരിലെ മുഹമ്മദ് ഇവാൻ്റെ ചികിത്സക്ക് വേണ്ടി മേപ്പയ്യൂരിൽ സംയുക്ത ട്രേഡ് യൂനിയൻ ഈ മാസം 18 ന് മേപ്പയ്യൂരിൽ വാഹനം ഓടും.18 കോടിയിലധികം ചിലവ് വരുന്ന ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നുകളിൽ ഒന്നായ സൊൾജെൻസമ എന്ന ഇൻഞ്ചെക്ഷൻ എത്രയും പെട്ടെന്ന് നൽകണം എന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.
വളരെ പാവപ്പെട്ട കുടുംബത്തിന് ഇത്രയും ഭീമമായ തുക കണ്ടെത്തുവാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇവാനെ സഹായിക്കുവാൻ വേണ്ടി മേപ്പയ്യൂരിലെ മോട്ടോർ തൊഴിലാളികൾ 18ന് വാഹനം ഓടും. മുഴുവൻ തൊഴിലാളികളും ,നാട്ടുകാരും ഒരു ദിവസത്തെ ഫണ്ട് സമാഹരണം വിജയിപ്പിക്കണമെന്ന് മേപ്പയ്യൂർ ഉണ്ണര സ്മാരക ഹാളിൽ ചേർന്ന സംയുക്ത ട്രേഡ് യൂനിയൻ ജനറൽ ബോഡി ആവശ്യപ്പെട്ടു.
സി ഐ ടി യു ഏരിയാ ജോ. സെക്രട്ടറി എൻ എം കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. സഞ്ജയ് കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു. മുജീബ് കോമത്ത്, സി എം സത്യൻ, എം കെ രവീന്ദ്രൻ, കെ ടി വിനോദൻ, കെ മുഹമ്മദ്, മജീദ് കാവിൽ, പി കെ ബാബു, എം നാരായണൻ, ബൈജു വള്ളിൽ പ്രസംഗിച്ചു.
കമ്മിറ്റി ഭാരവാഹികളായി പി സി രാജേന്ദ്രൻ(ചെയർമാൻ ), സി എം സത്യൻ (കൺവീനർ), മുജീബ് കോമത്ത് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
Discussion about this post