പയ്യോളി: നാലുപേരുടെ മരണത്തിന് കാരണമായ മൂരാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ, അപകടത്തിൽ പരിക്കേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി. ചോറോട് ചേന്ദമംഗലം സത്യനാഥൻ (54) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സത്യനാഥൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10 ഓടെയാണ് അന്ത്യം.
ഇദ്ദേഹത്തിനൊപ്പം കാറിലുണ്ടായിരുന്ന ചൊക്ലി ഒളവിലം കോടിയേരി സ്മാരക ഗവ. കോളജിനു സമീപം പറമ്പത്ത് നളിനി (62), അഴിയൂർ പാറേമ്മൽ ഷാരോൺ നിവാസിൽ രജനി എന്ന രഞ്ജിനി (50), മാഹി ഈച്ചി പെരുമുണ്ടേരി കണ്ണാട്ടിൽ മീത്തൽ റോജ (60), കാർ ഡ്രൈവർ അഴിയൂർ കോട്ടാമല കുന്നുമ്മൽ ‘സ്വപ്‌നം’ വീട്ടിൽ ഷിഗിൻ ലാൽ (45) എന്നിവർ അപകടത്തെ തുടർന്ന് ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പേ മരിച്ചിരുന്നു.
ഇക്കഴിഞ്ഞ 11 ന് ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അഴിയൂർ സ്വദേശികൾ സഞ്ചരിച്ച കാറും കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകളടക്കം 4 പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വിവാഹ സത്കാരത്തിനായി അഴിയൂരിൽ നിന്നും കോവൂരിലേക്കുള്ള യാത്രയാണ് നാലു പേരുടെ അവസാന യാത്രയായത്.
Discussion about this post