പയ്യോളി: ഭക്ഷണവുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ പിക്ക് അപ്പ് ലോറിയിടിച്ച്ച് ഓട്ടോറിക്ഷ യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്.

ഇന്ന് ഉച്ചയ്ക്ക് 12.35 ഓടെ ദേശീയ പാതയിൽ മൂരാട് ഓയിൽ മില്ലിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാൽപ്പൊടിയുമായി അഴിയൂരിലേക്ക് പോവുകയായിരുന്ന, അമിത വേഗതയിലെത്തിയ പിക്ക് അപ്പ് ലോറി ഭക്ഷണവുമായി പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരാളെ തകർന്ന് മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽ നിന്നുമാണ് രക്ഷപ്പെടുത്തിയത്.റോഡിൻ്റെ സൈഡിലേക്ക് ഇറങ്ങിപ്പോയ പിക്ക് അപ്പ് ലോറി വീണ്ടും റോഡിലേക്ക് കയറുന്നതിനിടെയാണ് ഓട്ടോയിലിടിച്ചത്.
ഏറെ ദൂരത്തോളം റോഡിലൂടെ ഓട്ടോറിക്ഷയെ തള്ളിയിഴച്ചുക്കൊണ്ടുപോയി.

പിക്ക് അപ്പ് ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പയ്യോളി വാർത്തകളോട് പറഞ്ഞു. അപകടമുണ്ടായതിന് സമീപത്തെ മഹീന്ദ്ര ഡീലർ ഇറാം മോട്ടോർസിലെ ജീവനക്കാരും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയതും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും.







Discussion about this post