റാന്നി: പത്തനംതിട്ട റാന്നിയില്‍ 13 വയസുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശി ഷിജുവാണ് പിടിയിലായത്. റാന്നി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അച്ഛന്‍ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും അമ്മയും രണ്ട് സഹോദരിമാരും വാടക വീട്ടിലാണ് കഴിയുന്നത്. സഹോദരിമാര്‍ രണ്ടും ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നതിനാല്‍ പെണ്‍കുട്ടി മാത്രമാണ് ഇപ്പോൾ അമ്മയ്‌ക്കൊപ്പമുള്ളത്.
പെൺകുട്ടിയോട് പ്രതി ലൈംഗികചുവയോടെ സംസാരിക്കുന്നതും ഫോണില്‍ വിളിച്ച് അസഭ്യം പറയുന്നതും പതിവായിരുന്നു. തനിക്ക് ഇഷ്ടമല്ലാതിരുന്നിട്ടും ഷിജു ബൈക്കില്‍ കയറ്റി സ്‌കൂളില്‍ കൊണ്ടുവിടുമായിരുന്നെന്നും അമ്മയാണ് ഇതിന് നിര്‍ബന്ധിച്ചിരുന്നതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ നാല് കൊല്ലമായി പ്രതി ഷിജു ഇടയ്ക്കിടെ ഇവരുടെ വീട്ടിലെത്താറുണ്ട്. കൂലിപ്പണിക്കാരിയായ അമ്മ ജോലിക്ക് പോയി കഴിഞ്ഞാല്‍ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണ്. കഴിഞ്ഞ മാസം 27 ന് കുട്ടിയുടെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് പ്രതി ആദ്യ പീഡനശ്രമം നടത്തിയത്. ഇക്കഴിഞ്ഞ എട്ടാം തീയതി വീണ്ടും ഷിജു പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു.
സ്‌കൂളിലെത്തിയ പെണ്‍കുട്ടി വിവരങ്ങള്‍ അധ്യാപികയോട് പറഞ്ഞതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതരാണ് പൊലീസില്‍ പരാതി നല്‍കിയത്. സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയതിന് ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മ വിവരങ്ങള്‍ അറിഞ്ഞതെന്നാണ് പറയുന്നത്. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം ഷിജുവിനെതിരെ പോക്‌സോ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
Discussion about this post