ന്യൂഡൽഹി: ദമ്പതികൾ വിദേശരാജ്യങ്ങളിൽ പോയി വിവാഹം കഴിക്കുന്ന സമ്പ്രദായം ഇന്ത്യയിൽ വർധിച്ചുവരികയാണെന്നും അതൊഴിവാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരം ആഘോഷങ്ങൾ ഇന്ത്യയിൽ നടത്തിയാൽ പണം വിദേശരാജ്യങ്ങളിലേക്ക് ഒഴുകുന്നത് ഇല്ലാതാക്കാമെന്നും മോദി വ്യക്തമാക്കി.
മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതുപോലെ വിവാഹത്തിനായി ഷോപ്പിങ് നടത്തുമ്പോൾ, ഇന്ത്യൻ നിർമിത ഉൽപ്പന്നങ്ങൾ മാത്രം തെരഞ്ഞെടുക്കണമെന്നും മോദി ആവശ്യപ്പെട്ടു
”നാടെങ്ങും വിവാഹ സീസണാണിപ്പോൾ. ഈ വിവാഹസീസണിൽ ഏതാണ്ട് അഞ്ച് ലക്ഷം കോടിയുടെ ബിസിനസ് നടക്കുമെന്നാണ് ചില വ്യാപാര സംഘടനകളുടെ കണക്കുകൂട്ടൽ. വിവാഹത്തിന് സാധനങ്ങൾ വാങ്ങുമ്പോൾ ഇന്ത്യൻ നിർമിത ഉൽപന്നങ്ങൾക്ക് മുൻതൂക്കം നൽകണം. കുറെ കാലമായി വിവാഹമെന്ന വിഷയത്തിൽ ചില കാര്യങ്ങൾ എന്നെ അലട്ടുകയാണ്. അത് എന്റെ കുടുംബാംഗങ്ങളോട് പങ്കുവെച്ചില്ലെങ്കിൽ പിന്നെ ആരോടാണ് ഞാൻ പറയുക. വിദേശരാജ്യങ്ങളിൽ പോയി വിവാഹം കഴിക്കുന്ന സമ്പ്രദായം കൂടി വരികയാണ് നമ്മുടെ രാജ്യത്ത്. ഇത് അനിവാര്യമായ സംഗതിയാണോ?”-മോദി ചോദിച്ചു.
നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള വിവാഹചടങ്ങുകൾ നടത്താൻ ഇന്ത്യയിൽ സൗകര്യമില്ലായിരിക്കാം. എന്നാൽ ശ്രമിച്ചാൽ അതിനു കഴിയുന്നതേയുള്ളൂ. വലിയ കുടുംബങ്ങളുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും മോദി ചൂണ്ടിക്കാട്ടി.
രാഷ്ട്രനിർമാണത്തിന്റെ ചുമതല ജനങ്ങൾ ഏറ്റെടുക്കുമ്പോൾ ലോകത്തെ ഒരു ശക്തിക്കും ആ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിന്ന് തടയാനാകില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയിൽ നിർമിച്ച ഉൽപ്പന്നങ്ങൾ വാങ്ങാൻ ജനങ്ങൾക്ക് ഇപ്പോൾ താൽപര്യമുണ്ടെന്നും കഴിഞ്ഞ മാസത്തെ മൻ കി ബാത്തിൽ താൻ ഇതെകുറിച്ച് സൂചിപ്പിച്ചിരുന്നു. ആളുകൾ ഉൽപ്പന്നങ്ങൾ ഇന്ത്യൻ നിർമിതമാണോ എന്ന് പരിശോധിക്കാനും തുടങ്ങിയിട്ടുണ്ട്. ദീപാവലി പോലുള്ള ആഘോഷ സീസണിൽ ഇക്കുറി ബിസിനസ് വർധിച്ചതായും മോദി കൂട്ടിച്ചേർത്തു.
Discussion about this post