ന്യൂഡൽഹി: പ്രധാനമന്ത്രിയും യു എസ് പ്രസിഡണ്ടും ഇന്ന് കൂടിക്കാഴ്ച നടത്തും. റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ ഇടപാടുകൾക്കെതിരേ പാശ്ചാത്യ രാജ്യങ്ങളിൽനിന്നുള്ള സമ്മർദം വർധിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുന്നത്.
റഷ്യയുമായുള്ള ഇന്ത്യയുടെ ഇടപാടുകൾക്കെതിരേ അമേരിക്ക പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തിൽ ഇന്നു നടക്കുന്ന വെർച്വൽ കൂടിക്കാഴ്ചയ്ക്കു പ്രാധാന്യമേറെയാണ്. ഇരു നേതാക്കളും, നടന്നുകൊണ്ടിരിക്കുന്ന ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യും, ദക്ഷിണേഷ്യയിലെ സമീപകാല സംഭവവികാസങ്ങൾ, ഇന്തോ-പസഫിക് മേഖല, പരസ്പര താൽപ്പര്യമുള്ള ആഗോള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്യും. യുക്രെയ്ൻ വിഷയം സംഭാഷണത്തിൽ ഇടംപിടിക്കും.
ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂടിന്‍റെ വികസനത്തെക്കുറിച്ചും ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ വിതരണം ചെയ്യുന്നതിനെക്കുറിച്ചും നടന്നുകൊണ്ടിരിക്കുന്ന സംഭാഷണങ്ങൾ ഇരു നേതാക്കളും മുന്നോട്ടു കൊണ്ടുപോകും. യുക്രെയിൻ യുദ്ധത്തിന്‍റെ അനന്തര ഫലങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളും ചർച്ച ചെയ്യും.
റഷ്യയുമായി കൂടുതൽ വ്യാപാര ഇടപാടുകൾ നടത്തുന്നത് ഇന്ത്യയുടെ ഉത്തമതാത്പര്യത്തിനു ചേർന്നതല്ലെന്നു യുഎസ് നേരത്തെ പ്രതികരിച്ചിരുന്നു. പ്രസിഡന്‍റ് ബൈഡൻ കഴിഞ്ഞ മാർച്ചിലാണ് അവസാനമായി പ്രധാനമന്ത്രി മോദിയുമായും മറ്റ് ക്വാഡ് നേതാക്കളുമായും സംസാരിച്ചത്.
Discussion about this post