തിരുവനന്തപുരം: കേരളം കഴിഞ്ഞ 6 വര്‍ഷമായി ഇന്ധനനികുതി കൂട്ടിയിട്ടില്ല. അങ്ങനെ നികുതി കൂട്ടാത്ത അപൂര്‍വ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് സംസ്ഥാനത്ത് നികുതി വര്‍ധിപ്പിക്കാത്തതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്നും നികുതി കുറച്ചാല്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിച്ചേനെയെന്ന മോദിയുടെ ആക്ഷേപത്തിന് മറുപടിയായാണ് ധനമന്ത്രിയുടെ പ്രതികരണം.
പ്രധാനമന്ത്രിയുടെത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണെന്നും പ്രധാനമന്ത്രിയെ പോലെ ഒരാള്‍ ഇങ്ങനെ രാഷ്ട്രീയം പറയരുതെന്നും ബാലഗോപാല്‍ പറഞ്ഞു. 42 ശതമാനം നികുതി സംസ്ഥാനങ്ങള്‍ക്ക് പോകുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് അടിസ്ഥാനരഹിതമാണെന്നും ബാലഗോപാല്‍ പറഞ്ഞു. വാസ്തവത്തില്‍ ഇപ്പോള്‍ പിരിച്ചുകൊണ്ടിരിക്കുന്ന ന്യായമല്ലാത്ത സെസും സര്‍ചാര്‍ജും നിര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ വേണ്ടത്. സംസ്ഥാന നികുതികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നുകയറുകയാണെന്നും ബാലഗോപാല്‍ പറഞ്ഞു.
പൗരന്മാരുടെ ഭാരം കുറയ്ക്കാൻ കഴിഞ്ഞ നവംബറിൽ കേന്ദ്രം പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ നവംബറില്‍ ഇന്ധനങ്ങളുടെ എക്‌സൈസ് ഡ്യൂട്ടി കുറച്ചിരുന്നു. എന്നാല്‍ മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, തെലങ്കാന, ആന്ധ്രപ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ വാറ്റ് നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. കേന്ദ്രത്തിന്റെ നികുതി വരുമാനത്തിന്റെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post