പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് തകർത്ത് മെസിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ലോകകപ്പ് നേടിയെന്നറിയിച്ച് മെസി പങ്കുവച്ച പോസ്റ്റാണ് ചരിത്രത്തിൽ ഇടം നേടിയത്. 43 മില്ല്യൺ ലൈക്കുകൾ നേടിക്കഴിഞ്ഞ ചിത്രം ഇൻസ്റ്റഗ്രാമിൽ ഒരു കായികതാരം പങ്കുവച്ച പോസ്റ്റുകളിൽ ഏറ്റവുമധികം ലൈക്കുകൾ നേടുന്ന പോസ്റ്റായി മാറി.
ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കുവച്ച, മെസിയുമൊത്ത് ചെസ് കളിക്കുന്ന ചിത്രത്തിൻ്റെ റെക്കോർഡാണ് പഴങ്കഥ ആയത്. ആ പോസ്റ്റിന് ഇതുവരെ 41.9 മില്ല്യൺ ലൈക്കുകളുണ്ട്. ലോക ചാമ്പ്യന്മാർ എന്ന തലക്കെട്ടിൽ മെസി പങ്കുവച്ച പോസ്റ്റാണ് റെക്കോർഡ് നേട്ടം കുറിച്ചത്. “ഒരുപാട് തവണ ഞാൻ സ്വപ്നം കണ്ടു. ഞാൻ ഒരുപാട് ആഗ്രഹിച്ചു. എനിക്ക്
വിശ്വസിക്കാനാവുന്നില്ല. എൻ്റെ കുടുംബത്തിനു നന്ദി. ഞങ്ങളിൽ വിശ്വസിച്ചവർക്കും പിന്തുണച്ചവർക്കും നന്ദി. അർജൻ്റീനക്കാർ പോരാളികളാണെന്നും ഒരുമിച്ച് ശ്രമിച്ചാൽ ആഗ്രഹിക്കുന്നത് നേടുമെന്നും നമ്മൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. വ്യക്തി എന്നതിനു മുകളിൽ ഈ സംഘത്തിൻ്റെ കരുത്താണ് ഒരുമിച്ചുള്ള സ്വപ്നത്തിലേക്ക് പൊരുതാൻ കരുത്തായത്. നമ്മൾ നേടിയിരിക്കുന്നു. വാമോസ് അർജൻ്റീന.”- മെസി കുറിച്ചു.
Discussion about this post