മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്തിലെ എട്ടാം വാർഡായ മേപ്പയ്യൂർ ടൗണിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ഒരു കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് മലമ്പനി സ്ഥിരീകരിച്ചു. മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.

സ്ഥാപനങ്ങളുടെയും, വീടുകളുടെയും പരിസരം, ടെറസ്സ്, ഓവർ ഹെഡ് ടാങ്ക് എന്നിവ പരിശോധിച്ച് കൊതുക് വളരാനുള്ള സാധ്യത ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്കായി മലമ്പനി, മന്ത് രോഗ പരിശോധനാ ക്യാമ്പ് നടത്തി. പരിസര പ്രദേശങ്ങളിലെ വീടുകളിൽ പനി സർവ്വേ, ഉറവിട നശീകരണം, മലമ്പനി രക്ത പരിശോധന എന്നിവ നടത്തി.

ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി, ഹെൽത്ത് സൂപ്പർവൈസർ മനോജ് എന്നിവർ പ്രദേശങ്ങൾ സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.

ഡി വി സി യൂനിറ്റ് അസി. എൻറമോളജിസ്റ്റ് കെ ബിന്ദു, ഹെൽത്ത് സൂപ്പർവൈസർ വിനോദ് എന്നിവരുടെ നേതൃത്വത്തിൽ കൊതുക് സാന്ദ്രത പഠനം, കീടനാശിനി തളിക്കൽ എന്നിവ നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് വിളിച്ചു ചേർത്ത അടിയന്തിര യോഗം സ്ഥിതിഗതികൾ വിലയിരുത്തി. ഇതര സംസ്ഥാന തൊഴിലാളികളെ മുഴുവൻ സ്ക്രീനിംങ്ങ് നടത്തുവാനും, അവർ താമസിക്കുന്ന സ്ഥലങ്ങളിൽ കർശന ശുചിത്വ പരിശോധന നടത്തുവാനും തീരുമാനിച്ചു.പഞ്ചായത്ത്, ആരോഗ്യ പ്രവർത്തകർ യോഗത്തിൽ സംസാരിച്ചു
Discussion about this post