മേപ്പയ്യൂർ: മുപ്പത്തഞ്ച് ഏക്കറിലധികം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന മേപ്പയ്യൂർ പഞ്ചായത്തിലെ ചാവട്ട് പാടശേഖരത്തിൽ ഇത്തവണയും നെല്ല് വിളഞ്ഞില്ല. ഏറ്റവും നല്ല വളക്കൂറുള്ള മേപ്പയ്യൂർ പഞ്ചായത്തിലെ മികച്ച പാടശേഖരമാണിവിടം. 2018 ന് ശേഷം ഇവിടെ വിത്തിറക്കാനും, നെൽക്കൃഷി ചെയ്യുവാനും കഴിയാതെ കർഷകർ വിഷമത്തിലാണ്. മകര കൃഷിയും, പുഞ്ചകൃഷിയും ചെയ്യുന്ന ഈ പാടശേഖരത്തിൽ നെൽകർഷകരെ വിഷമത്തിലാഴ്ത്തുന്നത് അനിയന്ത്രിതമായ വെള്ളക്കെട്ടാണ്. കുറ്റ്യാടി ഇറിഗേഷൻ കനാൽ തുറന്ന് വെള്ളം വിടുന്നതോട് കൂടി വിസ്താരവും, ആഴവും കുറഞ്ഞ വയലിന് നടുവിലൂടെ കടന്ന് പോവുന്ന പുത്തലത്ത് താഴ- കോലാറ്റത്തോട്ടിൽ വെള്ളംനിറഞ്ഞ് വയലിൽ കൃഷിയൊരുക്കുവാൻ പറ്റാത്ത നിലയിലാവും.

60 ലേറെ ചെറുകിട നെൽകർഷകരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പാടശേഖരം. വയലിലെ വെള്ളക്കെട്ട് പരിഹരിക്കുവാനുള്ള മാർഗ്ഗം തോടിന് വീതിയും ആഴവും കൂട്ടി നവീകരിക്കലാണ്. ഈ പ്രശ്നം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമൊന്നുമുണ്ടായില്ലെന്ന് കർഷകർ പറയുന്നു. ഇവിടെ കൃഷിയിറക്കണമെങ്കിൽ യന്ത്രസഹായം തേടാൻ കഴിയാത്തതും കർഷകരെ കുഴക്കുന്നുണ്ട്. വയലിൽ ചെളിയുടെ അളവും ആഴവും കൂടുതൽ ഉള്ളതിനാൽ ഉഴുവ് യന്ത്രമുൾപ്പെടെയുള്ളവയുടെ ചക്രങ്ങൾ പുതഞ്ഞു പോവുന്നതും, ഇറക്കാൻ കഴിയാത്തതുമാണ് ഇവിടെയുള്ള മറ്റൊരു പ്രധാന പ്രശ്നം. കൃഷിച്ചിലവ് അനുദിനം വർദ്ധിച്ചു വരുന്നതും കർഷകരെ പ്രതിസന്ധിയിലാക്കുന്നുമുണ്ട്. വെള്ളം കയറി കൃഷി നശിച്ചാൽ അവരെ ഭാവിയിൽ കാത്തിരിക്കുന്നത് വൻ സാമ്പത്തിക ബാധ്യതകളാണ്. തോടിൻ്റെ നവീകരണത്തിന് സഹായമഭ്യർത്ഥിച്ച് സംസ്ഥാന കൃഷിവകുപ്പ്, സ്ഥലം എം എൽ എ ടി പി രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് എന്നിവർക്ക് പാടശേഖര സമിതി ഭാരവാഹികൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

വലിയ ഒരു പദ്ധതിയായതിനാൽ സാമ്പത്തികച്ചിലവും കൂടുതലാണ്. തോടിൻ്റെ എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാ പഞ്ചായത്ത് ഭരണസമിതി, പ്രശ്നം അജണ്ടയിൽ ഉൾപ്പെടുത്തിയതായി അറിയിച്ച് കൊണ്ടുള്ള കത്ത് ലഭിച്ചതായി പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു. മേപ്പയ്യൂർ പഞ്ചായത്തിലെ മറ്റൊരു പ്രധാനപാടശേഖമായ ജില്ലയിലെ നെല്ലറ എന്നു വിശേഷിപ്പിക്കുന്ന കരുവോട് ചിറയിലും കൃഷിയിറക്കാൻ കഴിയാതെ അവിടെയുള്ള കർഷകരും പ്രയാസത്തിലാണ്. ഈ രണ്ട് പാടശേഖരങ്ങളിലും നെൽകൃഷിയിറക്കുവാൻ സാധിച്ചാൽ ജില്ലയിലെ തന്നെ ഭക്ഷ്യധാന്യക്കുറവ് പരിഹരിക്കുവാൻ കഴിയുമെന്നും കർഷകർ പറയുന്നു.
റിപ്പോർട്ട്: മുജീബ് കോമത്ത്




































Discussion about this post