കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപെട്ട അന്തേവാസി അപകടത്തില്‍പ്പെട്ട് ഗുരുതര പരിക്കേറ്റ് മരിച്ചു. കല്‍പ്പകഞ്ചേരി സ്വദേശി മുഹമ്മദ് ഇര്ഫാന് (23) ആണ് മരിച്ചത്.
ശുചിമുറിയുടെ ഭിത്തി സ്പൂണ്‍ ഉപയോഗിച്ച് തുരന്ന് രാത്രി 12.30ഓടെയാണ് മുഹമ്മദ് ഇര്ഫാന് രക്ഷപെട്ടത്. റിമാന്‍ഡ് തടവുകാരനായിരുന്നു ഇയാള്‍. നിരവധി മോഷണ കേസിലെ പ്രതിയായ ഇയാളെ ജില്ലാ ജയിലിൽ ആയിരുന്നു പാർപ്പിച്ചിരുന്നത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുതിരവട്ടത്തേക്ക് മാറ്റിയത്.
രക്ഷപ്പെട്ട് പോകുന്നതിനിടെ മലപ്പുറത്തുവച്ച് ബുള്ളറ്റ് അപകടത്തില്‍പ്പെട്ട് ഇയാൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് ഇയാളെ കോട്ടയ്ക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.
ബുള്ളറ്റ് മോഷ്ടിച്ച് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. കോട്ടയ്ക്കലിൽ വച്ച് മറ്റൊരു വണ്ടിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഓടിച്ച ബുള്ളറ്റ് ഡിവൈഡറിൽ തട്ടി മറിഞ്ഞ് പരിക്കേൽക്കുകയായിരുന്നു.
Discussion about this post