അരൂര്‍: ശ്രീകുമാരവിലാസം ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ പ്രതി പിടിയില്‍. അമ്പലപ്പുഴ സ്വദേശി രാജേഷാണ് പിടിയിലായത്. ഇയാളെ വെള്ളിയാഴ്ച വൈകീട്ടോടെ അമ്പലപ്പുഴയില്‍നിന്ന് അരൂര്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമിക്ക് ചാര്‍ത്തുന്ന പത്ത് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. മോഷണത്തിന് മുമ്പ് ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കുന്ന ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ 12.55-നാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളില്‍ ഇവിടെ ഒരു മണിക്കൂറോളം ചെലവിട്ട മോഷ്ടാവ് മോഷണത്തിനു തൊട്ടുമുമ്പ് ശ്രീകോവിലിന്റെ പടിയില്‍ തൊട്ട് തൊഴുതിട്ടാണ് അകത്തുകയറുന്നതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കാവിമുണ്ടും നീല ഷര്‍ട്ടും ധരിച്ചെത്തിയ മോഷ്ടാവ് മുഖംമൂടിയും ധരിച്ചിരുന്നു. അഞ്ചരപ്പവന്‍ തൂക്കം വരുന്ന കിരീടം, മൂന്നു പവന്റെ നെക്ലേസ്, ഒന്നരപ്പവന്റെ കുണ്ഡലം എന്നിവയാണ് നഷ്ടമായതെന്ന് ദേവസ്വം പ്രസിഡന്റ് എം.വി. സുരേന്ദ്രന് പറഞ്ഞിരുന്നു.
ദീപാരാധന സമയത്ത് ചാര്‍ത്തുന്ന ഇവ അത്താഴ പൂജയോടെ അഴിച്ച് ശ്രീകോവിലിനുള്ളിലെ പലകയില്‍ വെക്കുകയാണ് പതിവ്. ക്ഷേത്രവളപ്പിലെ ശാന്തിമഠത്തില്‍ താമസിക്കുന്ന കഴകക്കാരനും മാല കെട്ടുകാരനുമാണ് മോഷണം ആദ്യമറിഞ്ഞത്. ഇവര്‍ പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ തെക്കുഭാഗത്തെ നാലമ്പല വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ ദേവസ്വം ഭാരവാഹികളെ വിവരം അറിയിച്ചു. ഇവര്‍ സ്ഥലത്തെത്തിയപ്പോഴാണ് ശ്രീകോവിലിന്റെ താഴ് തകര്‍ത്ത് സ്വര്‍ണ ഉരുപ്പടികള്‍ മോഷ്ടിച്ചതായി മനസ്സിലായത്.
ഒക്ടോബര്‍ ഏഴിന് ഇതേ രീതിയില്‍ ചന്തിരൂര്‍ കാഞ്ഞിരത്തിങ്കല്‍ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. ഇതിന്റെ അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതിനിടെയാണ് അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വീണ്ടുമൊരു മോഷണം നടന്നത്. കളവു പോയ ആഭരണങ്ങളും ഇയാളില്‍നിന്ന് കണ്ടെത്തിയതായാണ് ലഭ്യമായ വിവരം. ഇക്കാര്യത്തില്‍ ശനിയാഴ്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post