
പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേള ജൂലായ് 24 ന് പയ്യോളി ഹൈസ്കൂളിൽ വിപുലമായി സംഘടിപ്പിക്കാൻ സ്വാഗത സംഘം യോഗം തീരുമാനിച്ചു. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു.

ആരോഗ്യ മേളകളിലൂടെ ആരോഗ്യ മേഖല ഉൾപ്പെടെ വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഉദ്ദേശമെന്ന് ബ്ലോക്ക് പ്രസിഡന്റ് സൂചിപ്പിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ്,
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത്
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലീന പുതിയോട്ടിൽ, തിക്കോടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി, പ്രനില സത്യൻ, കെ പി ഷക്കീല, ആർ വിശ്വൻ, എം കെ ശ്രീനിവാസൻ, ബിനു കാരോളി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പ്രസംഗിച്ചു.
ആരോഗ്യമേളയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സി എച്ച് സി ജൂനിയർ എച്ച് ഐ കെ പ്രകാശൻ വിശദീകരിച്ചു. മേളയുടെ ഭാഗമായി സാംസ്കാരിക ഘോഷയാത്ര, വിപണന മേളകൾ, വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, മെഡിക്കൽ ക്യാംപുകൾ, കലാകായിക പരിപാടികൾ, ആരോഗ്യ വിദ്യാഭ്യാസ പ്രദർശനങ്ങൾ, സെമിനാറുകൾ ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും.

മേളയുടെ നടത്തിപ്പിന്നായി കെ മുരളീധരൻ എം പി, കാനത്തിൽ ജമീല എം എൽ എ, ടി പി രാമകൃഷ്ണൻ എം എൽ എ എന്നിവർ രക്ഷാധികാരികളും മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ചെയർമാനും, സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. സി സുരേഷ് ബാബു കൺവീനറായും101 അംഗ സംഘാടകസമിതി രൂപീകരിച്ചു.









































Discussion about this post