ദുബായ്: “താൻ ലൈഫിലേ, ഇതുപോലെയൊന്ന്
റിവേഴ്സ് ഗിയറിട്ട് പോയിട്ടേ,
ഒന്നു ഫോർവേഡ് ഗീയറിട്ട് തിരിച്ചു വാ. തട്ടാതേം മുട്ടാതേം മുന്നോട്ട് പോകാം….’ ടേക് കെയർ’…
മറ്റ് പ്രശ്നങ്ങൾക്കിടെ ജീവിതം മറന്നു പോകുന്നവർക്ക്,
സ്നേഹമുണ്ടായിട്ടും പ്രകടിപ്പിക്കാതെ പോകുന്നവർക്ക്, ജീവിതത്തിൻ്റെ മധുരം കൈവിട്ടു പോകരുതെന്ന സന്ദേശം പകരുന്ന ഹ്രസ്വചിത്രത്തിലെ സംഭാഷണ ശകലമാണിത്. മറ്റെന്തിനേക്കാളും, സ്നേഹത്തിൻ്റെ മൂല്യത്തെ ‘വാലൻ്റൈൻസ് ഡെ’ യുടെ പശ്ചാത്തലത്തിൽ അടയാളപ്പെടുത്തിയ ‘മൊമെൻ്റ് ഓഫ് ലൗവ് ‘ എന്ന ഹ്രസ്വചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ച പയ്യോളി ഒറ്റത്തെങ്ങിൽ ഉണ്ണികൃഷ്ണൻ മികച്ച സിനിമാട്ടോ ഗ്രാഫർക്കുള്ള പുരസ്കാരത്തിന് അർഹനായി.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടന്ന മെഹ്ഫിൽ -2024 ദുബായ് റീജിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലാണ് ഉണ്ണികൃഷ്ണന് പുരസ്കാരം ലഭിച്ചത്.
ഷാർജയിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. സിനിമാ സംവിധായകൻ സജിൻ ലാൽ, സിനിമാ സീരിയൽ നടി ലക്ഷ്മി, ബഷീർ സിൻസില, പോൾസൻ പാവറട്ടി, ഷാനവാസ് കണ്ണഞ്ചേരി ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഫോട്ടോഗ്രാഫി ജീവവായുവായി കരുതുന്ന ഉണ്ണികൃഷ്ണൻ്റെ രണ്ടാമത്തെ ഹ്രസ്വചിത്രമാണ് റാഹം രഞ്ചിത്ത് സംവിധാനം നിർവഹിച്ച ‘മൊമെൻ്റ് ഓഫ് ലൗവ്’. ആദ്യ ചിത്രം സുനിൽ എസ് പുരം സംവിധാനം ചെയ്ത ‘അമ്മയുടെ കൈയ്യൊപ്പ്’ ആയിരുന്നു.
പതിനെട്ടാമത്തെ വയസിലാണ് ഉണ്ണികൃഷ്ണൻ ഫോട്ടോഗ്രഫിയെ പ്രണയിക്കാൻ തുടങ്ങിയത്.
ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘സംഗീതമേ ജീവിതം’ എന്ന പുസ്തകത്തിന്റെ കവർപേജായി ഉള്‍പ്പെടുത്തിയ യേശുദാസിന്റെ ചിത്രം ഉണ്ണികൃഷ്ണൻ പകർത്തിയതായിരുന്നു. രണ്ടര പതിറ്റാണ്ടായി യു എ ഇയിലെ സ്വകാര്യകമ്പനിയില്‍ എക്സ്പോർട്ട് മാനേജരായി ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണന് ഫോട്ടോ ഗ്രാഫിക്ക് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒഴിവു ദിനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി, ‘സ്വപ്നത്തിലെ നല്ല ചിത്രങ്ങൾ’ക്കുള്ള യാത്രയിലാണ് ഉണ്ണികൃഷ്ണൻ ഒറ്റത്തെങ്ങിൽ.
Discussion about this post