പത്തനംതിട്ട : പന്തളത്ത് 35 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചതിൽ ചികിത്സാ പിഴവ് ആരോപിച്ച്, കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പൂഴിക്കാട് എച്ച്ആർ മൻസിലിൽ ഹബീബ് റഹ്‌മാൻ, നജ്മ ദമ്പതികളുടെ മകളാണ് ബുധനാഴ്ച സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ഗൈനക്കോളജി വിഭാഗം ഡോക്ടർ ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ മാസം പ്രസവ വേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ യുവതിയെ അഞ്ച് മണിക്കൂറുകൾക്കു ശേഷമാണ് ഗൈനക്കോളജിസ്റ്റ് എത്തി പരിശോധിച്ചതെന്ന് പരാതിയിൽ പറയുന്നു. ശസ്ത്രക്രിയയിലൂടെയാണു കുഞ്ഞിനെ പുറത്തെടുത്തത്. യഥാസമയം ശസ്ത്രക്രിയ നടത്താത്തതിനാൽ കുട്ടിയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കുട്ടിയെ തുടർചികിത്സയ്ക്കായി അടൂരിലും തിരുവനന്തപുരത്തുമുള്ള ആശുപത്രികളിലേക്കു മാറ്റിയെങ്കിലും അപ്പോഴേക്ക് ആരോഗ്യനില മോശമാവുകയായിരുന്നു. ശസ്ത്രക്രിയാ നടപടികൾ വൈകിപ്പിച്ച ഗൈനക്കോളജി വിഭാഗം ഡോക്ടറാണ് മരണത്തിന് ഉത്തരവാദിയെന്നു ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണത്തിന്റെ യഥാർഥ കാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നശേഷം മാത്രമേ പറയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.
Discussion about this post