പാലക്കാട് / കോഴിക്കോട്: രണ്ടു മയക്കുമരുന്ന് കടത്ത് കേസുകളിലായി മൂന്നു പേർ പോലീസ് പിടിയിലായി. പാലക്കാട് വാളയാറിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുമായി എംബിഎ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. എറണാകുളം ചേരാനല്ലൂർ സ്വദേശി എബിനാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നും എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് എബിനിൽ നിന്നും എട്ട് ഗ്രാം എംഡിഎംഎ പിടികൂടിയത്.ബെംഗളുരു എസ്.ബി കോളേജിൽ എംബിഎ വിദ്യാർത്ഥിയായ എബിൻ സ്വന്തം ആവശ്യത്തിനും സുഹൃത്തുക്കൾക്ക് നൽകാനുമാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. കേസിൽ എബിനെ പതിനാല് ദിവസത്തേക്ക് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തു
ബ്ലൂടൂത്ത് സ്‌പീക്കറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന എംഡിഎംഎയുമായി കോഴിക്കോട് രണ്ടുപേർ പിടിയിലായി. മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ പുലിയാങ്ങിൽ വൈശാഖ്(22), മലാപ്പറമ്പ് മുതുവാട്ട് വിഷ്‌ണു (-22) എന്നിവരെയാണ് എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസും കോഴിക്കോട് എക്‌സൈസ് സർക്കിൾ പാർട്ടിയുമായി ചേർന്നു നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്‌തത്. ഇവരിൽനിന്ന് 55 ഗ്രാം എം ഡി എം എയും പിടിച്ചെടുത്തു. വിപണിയിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്നതാണിത്.
ചേവായൂർ പച്ചാക്കിലിൽ ഡ്യൂക്ക് ബൈക്കിൽ ലഹരിമരുന്നുമായി പോകുമ്പോഴാണ് ഇരുവരും എക്‌സൈസിന്റെ പിടിയിലായത്. ഉത്തരമേഖലയിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് ലഹരിമരുന്ന് വേട്ടയാണിത്. ബംഗളൂരുവിൽനിന്നാണ് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്‌സൈസ് സിഐ ശരത് ബാബു പറഞ്ഞു.
മലപ്പുറം ഐബി ഇൻസ്‌പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, കമീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ കെ പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, അഖിൽ ദാസ്, കോഴിക്കോട് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഇ പി വിനോദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ് കുമാർ ഡി എസ്, മുഹമ്മദ് അബ്ദുൾ റൗഫ്, പി കെ സതീഷ്, എം ഒ രജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്.
Discussion about this post