ബാലുശ്ശേരി: നന്മണ്ട സ്വദേശികളായ നാലു യുവാക്കൾ മാരക മയക്കുമരുന്നായ എം ഡി എം എയുമായി ബാലുശ്ശേരിയിൽ പിടിയിലായി. നന്മണ്ട 13 ലെ താനോത്ത് അനന്തു (23), ഏഴുകുളത്ത് കാഞ്ഞാവിൽ താഴെ ഷാജൻ ലാൽ (23), ആകാശ് തിയ്യക്കണ്ടി (24), രാരോത്ത് മുക്ക് കൊട്ടാരത്തിൽ വിപിൻ രാജ് (24) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്നും 16 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
എസ് ഐ പി റഫീഖും പാർട്ടിയും നൈറ്റ് പട്രോളിങ്ങിനിടെ ബാലുശ്ശേരി അമരാപുരിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബാലുശ്ശേരിയിൽ ഇത്രയധികം മയക്കുമരുന്ന് ആദ്യമായാണ് പിടിക്കുന്നത്. ബാലുശ്ശേരിയിലേയും പരിസരങ്ങളിലേയും പ്രധാന മയക്കുമരുന്ന് വിതരണക്കാരായ ഇവരെ എം ഡി എം എ സഹിതം കാറിൽ വെച്ചാണ് പിടികൂടിയത്.
സ്ഥലത്തു നിന്നു രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പിടിച്ചത്.
എംഡിഎംഎ കടത്തിയതിന് പിടിയിലായ കിരണിന്റെ സുഹൃത്തുക്കൾ ആണ് ഇവർ നാലുപേരും. കിരൺ ഇപ്പോഴും ജയിലിലാണ്. ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, എകരൂൽ ഭാഗങ്ങളിലാണ് ഇവർ പ്രധാനമായും എം ഡി എം എ വിതരണം ചെയ്യുന്നത്. ബാലുശ്ശേരി പോലീസിന്റെ നർക്കോട്ടിക് സ്ക്വാഡ് നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇവരെ വലയിലാക്കാൻ കഴിഞ്ഞത്. ഒരുമാസത്തോളമായി നിരന്തരമായി ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇത്തരം ടീമുകളെ പോലീസ് ടീം പിന്തുടരുന്നുണ്ടായിരുന്നു.
Discussion about this post