കോട്ടയം: സംസ്ഥാനത്ത് ജനുവരിമുതൽ സെപ്റ്റംബർവരെ പരിശോധിച്ച 42 ശതമാനം സാംപിളുകളിൽ പേവിഷബാധ സ്ഥിരീകരിച്ചു. മനുഷ്യരെ ആക്രമിച്ച തെരുവുനായകളുടെയും കടിയേറ്റ വളർത്തുനായ്ക്കളുടെയും വളർത്തുമൃഗങ്ങളുടെയും മനുഷ്യരുടെയും സാംപിളുകൾ പരിശോധിച്ചതിൽപ്പെടുന്നു.
മൊത്തം 520 സാംപിളുകൾ നോക്കിയതിൽ 221 എണ്ണം പോസിറ്റീവായിരുന്നു. മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള ആന്റി റാബീസ് റീജണൽലാബുകളിൽനിന്നുള്ള കണക്കുകൾ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസാണ് ക്രോഡീകരിച്ചത്. പാലോട്, കൊല്ലം, തിരുവല്ല, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ലാബുകൾ.
പേവിഷബാധ കൂടുന്ന സാഹചര്യത്തിൽ നായകളുടെ വാക്സിനേഷൻ ശക്തമാക്കാനാണ് മൃഗസംരക്ഷണവകുപ്പിന്റെ തീരുമാനം. രണ്ടുലക്ഷം ഡോസ് വാക്സിൻകൂടി കഴിഞ്ഞദിവസമെത്തി. ഓർഡർചെയ്ത രണ്ടുലക്ഷം ഡോസുകൂടി ഉടനെത്തും. നേരത്തേ കൈവശമുണ്ടായിരുന്ന ആറുലക്ഷം ഡോസ് ജില്ലകളിലേക്ക് കൈമാറിയിരുന്നു. കരാറടിസ്ഥാനത്തിൽ നിയമിക്കുന്ന വെറ്ററിനറി ഡോക്ടർമാരുടെകൂടി സഹായത്തോടെ തദ്ദേശവകുപ്പാണ് വാക്സിനേഷൻ സംഘടിപ്പിക്കുന്നത്.
മനുഷ്യരിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ
പനി, തലവേദന, വിശപ്പില്ലായ്മ, ഛർദി, മുറിവിൽ വേദന, ചൊറിച്ചിൽ എന്നിവയാണ് പ്രഥമിക ലക്ഷണങ്ങൾ.
രോഗം മൂർച്ഛിച്ചാൽ പിച്ചും പേയും പറയൽ, വിഭ്രാന്തി കാട്ടൽ, ഉമനീർ പോലും ഇറക്കാനാകാത്ത അവസ്ഥ, വെള്ളം കാണുമ്പോൾ പേടി, കടുത്ത ദാഹം. ഒടുവിൽ വായിൽനിന്ന് നുരയും പതയും വരും.
പ്രതിവിധി
പേവിഷബാധ മരണകാരണമാണെങ്കിലും പ്രതിരോധ കുത്തിവെപ്പ് അതിനെ നിസ്സാരമാക്കിമാറ്റുന്നു. അതായത് പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന ആളിൽ റാബീസ് വൈറസ് അപ്പോൾ നശിക്കുന്നുവെന്നർഥം.
മൃഗങ്ങളുടെ കടിയേറ്റ ഉടൻ മുറിവിൽ 10 മിനിറ്റുനേരം വെള്ളം ശക്തമായി ഒഴിച്ച് സോപ്പിട്ട് കഴുകണം. നഗ്നമായ കൈകൊണ്ടു മുറിവ് തൊടരുത്. എണ്ണ, മഞ്ഞൾ, ചെറുനാരങ്ങ, ഉപ്പ്, മുളക് എന്നിവയൊന്നും മുറിവിൽ പുരട്ടരുത്. കഴുകിയശേഷം മുറിവിന്റെ നനവ് മാറ്റി ഏതെങ്കിലും അണുനാശിനി പുരട്ടുക. തുടർന്ന് പ്രതിരോധ കുത്തിവെപ്പ്.
മുൻപ് പൊക്കിളിന് ചുറ്റുമായിരുന്നു കുത്തിവെയ്ക്കൽ. ഇപ്പോഴത് തോൾ ഭാഗത്തിന് താഴെയാണ് കുത്തിവെക്കുന്നത്.
ആദ്യ കുത്തിവെപ്പ് കഴിഞ്ഞാൽ മൂന്നാം ദിവസവും ഏഴാം ദിവസവും 28-ാം ദിവസവും തുടർകുത്തിവെപ്പും നടത്തണം. പേവിഷബാധയുള്ള മൃഗങ്ങൾ വളർത്തുമൃഗങ്ങളെ കടിച്ചാൽ അവയ്ക്കും കുത്തിവെപ്പ് നടത്താൻ മടിക്കരുത്.
Discussion about this post