ആലപ്പുഴ: പൊലീസ് ക്വാട്ടേഴ്സിലെ കൂട്ടമരണവുമായി ബന്ധപ്പെട്ട് പൊലീസുകാരനായ റെനീസിന്റെ കാമുകി ഷഹാനയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലിസ് അന്വേഷണം തുടങ്ങി.
ഷഹാനയുടെ കാമുകനും സിവിൽ പൊലിസ് ഓഫിസറുമായ റെനീസിനും പലിശയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഷഹാനയുടെ ബന്ധങ്ങളെക്കുറിച്ചാണ് പൊലിസ് അന്വേഷണം നടത്തുന്നത്. ഇരുവരുടേയും മൊബൈൽഫോൺ സന്ദേശങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ഫൊറൻസിക് വിഭാഗത്തിൽ നിന്നും ഉടൻ ലഭിക്കുമെന്ന് അന്വേഷണ സംഘത്തലവനായ ഡിസിആർബി ഡിവൈഎസ്പി കെ എൽ സജിമോൻ അറിയിച്ചു.
2 മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഷഹാനയെ ഇന്നലെ അറസ്റ്റു ചെയ്യുകയും ആലപ്പുഴ എ ആർ ക്യാംപ് ക്വാർട്ടേഴ്സിലെത്തിച്ച് തെളിവെടുപ്പു നടത്തുകയും ചെയ്തിരുന്നു. റെനീസിനെ കല്യാണം കഴിക്കാൻ ഷഹാന സമ്മർദ്ദം ചെലുത്തി. നജ്ലയും മക്കളും ഒഴിയണം എന്നായിരുന്നു ആവശ്യം. അല്ലെങ്കിൽ ഭാര്യയായി താമസിക്കാൻ നിർബന്ധിച്ചു. 6 മാസം മുമ്പ് ഫ്ളാറ്റിൽ എത്തി നജ്ലയെ ഭീഷണിപ്പെടുത്തി. ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ഫ്ളാറ്റിലെത്തി വഴക്കിട്ടുവെന്നാണ് പോലിസിന്റെ കണ്ടെത്തൽ.
കഴിഞ്ഞ മെയ് പത്തിനാണ് ആലപ്പുഴ കുന്നുംപുറത്തെ എആർ ക്യാംപ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന കൊല്ലം കേരളപുരം സ്വദേശി നജ് ല (27) മക്കളായ ടിപ്പുസുൽത്താൻ അഞ്ച്, മലാല ഒന്നരവയസ് എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തി ശേഷം നജ് ല തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലിസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവും സിവിൽ പൊലിസ് ഓഫിസറുമായ റെനീസ് റിമാൻഡിലാണ്.
Discussion about this post