പയ്യോളി: സമൂഹത്തിൽ അനിയന്ത്രിതമായ തോതിൽ വർദ്ധിച്ച് വരുന്ന രാസ ലഹരിക്കെതിരെ പയ്യോളി ഉണരുന്നു.
വിവിധ പദ്ധതികളിലൂടെ രാസലഹരിയുടെ ആധിക്യം കുറച്ച് മാരക ലഹരിയുടെ സാന്നിധ്യം ഇല്ലായ്മ ചെയ്യുന്നതിനായാണ് തീരുമാനം. വ്യാഴാഴ്ച അരങ്ങിൽ ഓഡിറ്റോറിയത്തിൽ സംഗമിച്ച പൊതു പ്രവർത്തകരുടെ കൂട്ടായ്മയാണ് ലഹരിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചത്.
പ്രക്ഷോഭത്തിൻ്റെ ഭാഗമായി മെയ് 2 ന് വെളളിയാഴ്ച വൈകീട്ട് 4 ന് പയ്യോളി പേരാമ്പ്ര റോഡിൽ ബഹുജന കൺവെൻഷനും ജനകീയ കമ്മിറ്റി രൂപീകരണവും നടക്കും. റൂറൽ എസ് പി പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. നഗരസഭാധ്യക്ഷൻ വി കെ അബ്ദുറഹ്മാൻ മുഖ്യാഥിതിയാവും.
കൺവെൻഷൻ്റെ വിജയത്തിനായി ജി ഡൽസൺ പയ്യോളി കൺവീനറായും നഗരസഭാംഗം എ സി സുനൈദ്, ശുഐബ് മൂലൂർ എന്നിവർ ജോ. കൺവീനർമാരുമായുള്ള സംഘാടക സമിതിക്ക് രൂപം നൽകി. പോസ്റ്റർ കാമ്പയിൻ, സോഷ്യൽ മീഡിയ കാമ്പയിൻ എന്നിവയിലൂടെ മാരക രാസലഹരിക്കെതിരെയുള്ള പ്രചരണം ശക്തമാക്കും.
കൂട്ടായ്മയിൽ എം സമദ് മഴ അധ്യക്ഷത വഹിച്ചു. കെ പി റാണാ പ്രതാപ്, ശുഐബ് മൂലൂർ, ജി ഡെൽസൺ, കുനിയിൽ വേണുഗോപാലൻ, കെ എം ഷമീർ, എ സി സുനൈദ്, എൻ എം മനോജ് പ്രസംഗിച്ചു.
Discussion about this post