പയ്യോളി: കാലവർഷം പടിവാതിൽക്കലെത്തിയതോടെ മോഷണങ്ങളും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിനായി മുന്നൊരുക്കങ്ങൾക്ക് രൂപം നൽകി പയ്യോളി പോലീസ്.

മൺസൂൺ കാലം പലപ്പോഴും മോഷ്ടാക്കളും മറ്റു കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരും അവസരമാക്കിയെടുക്കാറുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളെ പൂർണമായും തടയുന്നതിനായുള്ള കർമ്മപദ്ധതികൾക്ക് പോലീസും വ്യാപാരികളും റെസിഡൻസ് അസോസിയേഷനും ഓട്ടോ ഡ്രൈവർമാരും ഉൾപ്പെട്ട സംയുക്ത സമിതിയുടെ യോഗം രൂപം നൽകി.

സർക്കിൾ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു അധ്യക്ഷത വഹിച്ചു.
വ്യാപാരികളുടെ പ്രതിനിധികളായി പ്രസിഡണ്ട് എം ഫൈസൽ സൂപ്പർ, കെ പി റാണാ പ്രതാപ്, റെസിഡൻസ് അസോസിയേഷൻ പ്രതിനിധിയായി പടിക്കൽ രാജൻ, ഓട്ടോ ഡ്രൈവർമാരുടെ പ്രതിനിധിയായി മുജീബ്, തുടങ്ങിയവർ പ്രസംഗിച്ചു.

വ്യാപാരി വ്യവസായി, റെസിഡൻസ് അസോസിയേഷൻ, ഓട്ടോ തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി സംയുക്ത രാത്രികാല ബീറ്റിനുള്ള ഏർപ്പാട് ചെയ്യാനും, റെസിഡൻസ് അസോസിയേഷനുകളിൽ ഗ്രൂപ്പുകൾ രൂപീകരിച്ച് രാത്രി കാല പട്രോളിങ്ങിനുള്ള

സാഹചര്യങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ തീരുമാനങ്ങൾക്ക് യോഗം അംഗീകാരം നൽകി.
മഴക്കാലം അവസരമാക്കി വീടുകളിലും സ്ഥാപനങ്ങളിലും മോഷണം വർദ്ധിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് പോലീസ് ഇതിനെതിരെ, ഫലപ്രദമായ നടപടികൾക്ക് തുടക്കമിട്ടത്.

Discussion about this post