മണിയൂർ: ഗ്രാമീണ ജനങ്ങൾക്ക് രണ്ട് വർഷത്തിനകം സമ്പൂർണ കുടിവെള്ളമെന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുവാൻ ജനകീയ മുന്നേറ്റങ്ങൾ അനിവാര്യമാണെന്നും , ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ എം എൽ എ. കുടിവെള്ളമായി നാം നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിൽ 80 ശതമാനം – മലിനമാണെന്നും .
ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുവാൻ സാമൂഹിക ഇടപെടലുകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മണിയൂർ ഗ്രാമപഞ്ചായത്തും കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ജലജീവൻ മിഷൻ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും കുടിവെള്ള ലഭ്യതയ്ക്ക് വേണ്ടി, ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി പ്രോജക്റ്റ് ഡയറക്ടർ മോഹനൻ കോട്ടൂർ പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീലത, വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ശശിധരൻ കരിമ്പാണ്ടി, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി ഗീത, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ ശശിധരൻ, കെ വി സത്യൻ, പ്രമോദ് കോണിച്ചേരി, എം കെ ഹമീദ് , സജിത്ത് പൊറ്റമ്മൽ , കേരള വാട്ടർ അതോറിറ്റി അസി. എഞ്ചിനിയർ ബീന, കെ എസ് ഡബ്ല്യു എസ് ടീം ലീഡർ വി എസ് വിനീത് പ്രസംഗിച്ചു.
പദ്ധതി പ്രാവർത്തികമാവുന്നതോടെ പഞ്ചായത്തിലെ 7165 കുടുംബങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാവുമെന്നും ഇതിനായി 65.90 കോടി രൂപഎസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിട്ടുണ്ടെന്നും ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
Discussion about this post