മണിയൂർ: പഞ്ചായത്തിലെ 5-ാം വാർഡിലെ പുന്നോളിമുക്ക് – എളമ്പിലാട് റോഡിൽ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തി അശാസ്ത്രീയമായാണെന്ന് ആരോപണം. നിലവിലുള്ള നാല് ഓവുചാലുകൾ ഭാഗികമായി മണ്ണിടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടിരിക്കയാണ്. മഴക്കാലമായാൽ റോഡ് കവിഞ്ഞ് മറ്റു ഭാഗത്തേക്ക് ഒഴുകുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. നിലവിൽ റോഡ് പണി കഴിയുന്നതോടെ വീണ്ടും റോഡ് ഉയരും. നിലവിലുള്ള ഓവുചാലുകൾ വീതി കൂട്ടി പുനരുദ്ധാരണ പ്രവർത്തി നടത്താതെ റോഡ് പണി നടത്തിയാൽ മഴക്കാലത്ത് റോഡിന്റെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിൽ വെള്ളം കയറി നിരവധി കുടുംബങ്ങളെ മാറ്റി താമസിക്കേണ്ടി വരും. കഴിഞ്ഞ പ്രളയകാലത്ത് ഈ പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു.
ഓവുചാലുകൾ വീതി കൂട്ടുന്നതിനും ജനങ്ങളുടെ സുരക്ഷയ്ക്കും ബന്ധപ്പെട്ട അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്ന് അഞ്ചാം വാർഡ് കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പൊതുമാരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് പരാതി അയച്ചു.
യോഗത്തിൽ സലാം അമ്മിണിക്കണ്ടി അധ്യക്ഷത വഹിച്ചു. സി എം വിജയൻ മാസ്റ്റർ, അഷറഫ് കളരിക്കൽ, ബാബു അമ്പിടാട്ടിൽ, സുനി അമ്പിടാട്ടിൽ, രാജീവൻ പാറോൽ, ബാബു വെള്ളപ്പാട്ട് മീത്തൽ, കരീം കളരിക്കൽ എന്നിവർ പ്രസംഗിച്ചു.
Discussion about this post