
തുറയൂർ: അസുഖബാധിതനായ ബന്ധുവിനെ സന്ദർശിച്ച് തിരിച്ചുള്ള യാത്ര അവസാന യാത്രയായി. കുടുംബത്തോടാപ്പം കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള ബന്ധുവിനെ കണ്ട് തിരിച്ചു വരുന്ന വഴിയാണ് തുറയൂർ (പയ്യോളി അങ്ങാടി) മണിയൂർ ഇ കൃഷ്ണൻ മാസ്റ്റർ (82) സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടത്.

കാറിലുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കേറ്റെങ്കിലും കൃഷ്ണൻ മാസ്റ്ററുടെയും ഭാര്യ ശാരദ ടീച്ചറുടെയും പരിക്ക് ഗുരുതരമായിരുന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.
തുറയൂരിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ
മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു കൃഷ്ണൻ മാസ്റ്റർ.

കിഴിശ്ശേരി ജി എൽ പി സ്കൂൾ അധ്യാപകനായാണ് കൃഷ്ണൻ മാസ്റ്ററുടെ ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്. തുടർന്ന് നിരവധി വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ച മാസ്റ്റർ നടുവണ്ണൂർ ഗവ.ഹൈസ്കൂളിൽ പ്രധാനാധ്യാപകനായിരിക്കെയാണ് 1996 ൽ വിരമിച്ചത്.

മണിയൂരിലായിരുന്നു കൃഷ്ണൻ മാസ്റ്ററുടെ ജനനം. സഹോദരൻ പ്രമുഖ സാഹിത്യകാരൻ പരേതനായ മണിയൂർ ഇ ബാലൻ മാസ്റ്റരുമൊത്ത് മണിയുരിലെ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ജനതാ ലൈബ്രറിയുടേയും ഗ്രാമീണ കലാവേദിയുടേയുടേയും രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ചു.
ദീർഘകാലം ലൈബ്രറിയുടെ പ്രവർത്തക സമിതി അംഗമായിരുന്ന അദ്ദേഹം 1971 മുതൽ 1973 വരെ
ലൈബ്രറി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

മണിയൂരിലെ ആദ്യകാല സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു കൃഷ്ണൻ മാസ്റ്റർ. അദ്ദേഹം പിന്നീട് പയ്യോളി അങ്ങാടി (തുറയൂർ) യിലേക്ക് താമസം മാറ്റി. അടിയന്തരാവസ്ഥക്കെതിരെയുള്ള
പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
സി പി ഐ എം തുറയൂർ ലോക്കൽ കമ്മിറ്റി അംഗം,

കർഷക സംഘം പയ്യോളി ഏരിയാ കമ്മിറ്റി അംഗം, കെ എസ് എസ് പി യു മേലടി ബ്ലോക്ക് കൗൺസിലർ, വില്ലേജ് കമ്മിററി പ്രസിഡൻ്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
അന്ത്യം വരെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന മണിയൂർ ഇ കൃഷ്ണൻ മാസ്റ്ററുടെ വിയോഗം തുറയൂരിന് തീരാനഷ്ടമാവും.


Discussion about this post