പയ്യോളി: ദീർഘകാലം യുവകലാസാഹിതിയുടെ സംസ്ഥാന ഭാരവാഹിയും പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന മണിയൂർ ഇ ബാലന്റെ സമരണാർഥം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നവാഗത നോവലിസ്റ്റുകൾക്കുള്ള ഈ വർഷത്തെ അവാർഡ് ജയപ്രകാശ് പാനൂരിന്. മഹാഭാരതത്തിന്റെ പശ്ചാത്തലത്തിൽ ആധുനിക സമൂഹത്തെ
കാണാൻ ശ്രമിച്ച ‘യുയുത്സു’ എന്ന നോവലാണ് അവാർഡിനായി തെരഞ്ഞെടുത്തത്. 11111 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
അവാർഡിനെത്തിയ നോവലുകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ജയപ്രകാശ് പാനൂരിന്റെ യുയുത്സു. ധൃതരാഷ്ട്ര മഹാരാജാവിന് ദാസിയിലുണ്ടായ പുത്രന്റെ മനോവ്യാപാരങ്ങളുടേയും അന്ത:സ്സംഘർഷങ്ങളുടേയും ആവിഷ്ക്കാരത്തിലൂടെ മനുഷ്യ
ജീവിതത്തിന്റെ നിസ്സാരതയെ തികഞ്ഞ ഉൾക്കാഴ്ചയോടെ അവതരിപ്പിക്കുന്ന നോവലാണിത്. നേരേതാണ്. നുണയേതാണ് എന്ന് തിരിച്ചറിയാനാവാത്ത മനുഷ്യ ഭാഗധേയത്തെ മഹാഭാരത യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അപഗ്രഥിക്കാൻ നോവലിസ്റ്റിന്ന് സാധിച്ചിട്ടുണ്ടെന്ന് അവാർഡ് ജൂറി ചെയർമാൻ എ പി കുഞ്ഞാമു പറഞ്ഞു..
അധ്യാപകർക്കു വേണ്ടി നടത്തിയ കഥാരചനാ മത്സരത്തിൽ സെന്റ് മേരീസ് ഹൈസ്കൂൾ കൂടത്തറയിലെ അധ്യാപിക നിഷ ആന്റണി ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് കഥാരചനയ്ക്കുള്ള സമ്മാനം.
2022 മെയ് 9 ന് പയ്യോളിയിൽ വച്ചു നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.
Discussion about this post