കോയിപ്രം: മാള്‍ട്ട, ബള്‍ഗേറിയ, ഖത്തര്‍, കംബോഡിയ എന്നീ രാജ്യങ്ങളില്‍ ജോലിക്കുള്ള വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് 17 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ കോയിപ്രം പോലീസ് പിടികൂടി. ഇരിക്കൂര്‍ വെള്ളാട് കുട്ടിക്കുന്നുമ്മേല്‍ വീട്ടില്‍ നിമല്‍ ലക്ഷ്മണ(25)യാണ് അറസ്റ്റിലായത്. ഈ വര്‍ഷം ഏപ്രില്‍ 11 മുതല്‍ മേയ് 28 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. പുറമറ്റം വെണ്ണിക്കുളം വാലാങ്കര പുളിക്കല്‍ വീട്ടില്‍ ഹരീഷ് കൃഷ്ണന് നല്കിയ പരാതിയിലാണ് നടപടി.
ഹരീഷിന്റെ ഉടമസ്ഥതയില്‍ വെണ്ണിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ‘ഡ്രീം ഫ്യൂച്ചര്‍ കണ്‍സള്‍ട്ടന്‍സ്’ എന്ന സ്ഥാപനത്തെയാണ് പ്രതി ചതിച്ച് പണം തട്ടിയത്. മാള്‍ട്ടയിലേക്ക് നാല് ലക്ഷം രൂപയും ബള്‍ഗേറിയയിലേക്ക് അഞ്ച് ലക്ഷം രൂപയും ഖത്തറിലേക്ക് 25,000 രൂപയും കംബോഡിയയിലേക്ക് 8,10,000 രൂപയും ഉള്‍പ്പെടെ ജോലിക്കുള്ള വിസയുടെ തുകയായി 17,35,000 രൂപയാണ് നെറ്റ് ബാങ്കിങ് വഴി പ്രതി തട്ടിയത്.
Discussion about this post