പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമസഹായത്തിന് മുതിർന്ന അഭിഭാഷകനെ നിയോഗിച്ച് മമ്മൂട്ടിയുടെ ഓഫീസ്. അഡ്വക്കേറ്റ് വി നന്ദകുമാറിനെയാണ് ചുമതലപ്പെടുത്തിയതെന്ന് മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റോബർട്ട് കുര്യാക്കോസ് അറിയിച്ചു.
2018 ഫെബ്രുവരി 22നാണ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്നത്. കടകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചെന്ന പേരിലാണ് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. കൊലപാതകം നടന്നിട്ട് വർഷം നാലായിട്ടും വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല.
സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരാകാത്തതിനെ തുടർന്നാണ് വിചാരണ നീണ്ടുപോകുന്നത്. ഇതോടെ കുടുംബം ആരോപണം ഉന്നയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. തുടർന്ന് വിഷയത്തിൽ കോടതിയും ഇടപെട്ടിരുന്നു. തനിക്കെതിരെ സംശയമുയർന്ന സാഹചര്യത്തിൽ സ്പെഷൽ പ്രോസിക്യൂട്ടറായി തുടരാൻ താത്പര്യമില്ലെന്ന് അഡ്വ. വി ടി രഘുനാഥ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ ഇടപെടൽ.
കേരള, മദ്രാസ് ഹൈക്കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന വി നന്ദകുമാറിനെയാണ് മമ്മൂട്ടിയുടെ ഓഫീസ് ചുമതലപ്പെടുത്തിയത്. ഇക്കാര്യം മധുവിന്റെ സഹോദരീ ഭർത്താവിനെ അറിയിച്ചു.
Discussion about this post