ദോഹ: ലോകകപ്പിൽ വിജയക്കിരീടം ചൂടിയ അർജന്റീനയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. എന്തൊരു രാത്രി, എന്തൊരു നല്ല കളി. ഒരുപക്ഷെ എക്കാലത്തെയും മികച്ച ഫുട്ബോൾ മത്സരങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചതിന്റെ ആവേശമാണ് ലുസൈൽ സ്റ്റേഡിയത്തിൽ കാണാൻ കഴിഞ്ഞത്. ലോകം കീഴടക്കിയ അർജന്റീനയ്ക്കും മാന്ത്രിക മെസ്സിക്കും അഭിനന്ദനങ്ങൾ. ഫ്രാൻസും കെലിയൻ എംബാപ്പെയും നന്നായി കളിച്ചെന്നും മമ്മൂട്ടി
ഫേസ്ബുക്കിൽ കുറിച്ചു. ഫ്രാൻസും അർജന്റീനയും തമ്മിലുളള ഫൈനൽ മത്സരം കാണാൻ താരം ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. റോയൽ ഹയ്യ വിഐപി ബോക്സിൽ ഇരുന്നാവും നടൻ കളി കണ്ടത്. മമ്മൂട്ടിയെ കൂടാതെ മോഹൻലാലും ലോകകപ്പ് ഫൈനൽ നേരിട്ടു കാണാൻ ഖത്തറിലെത്തിയിരുന്നു. ലോകകപ്പ് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീന തങ്ങളുടെ മൂന്നാം ലോകകിരീടം ചൂടിയത്. ആദ്യ പകുതിയിൽ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അർജൻറീനക്കെതിരെ രണ്ടാം പകുതിയിൽ
ഫ്രാൻസ് രണ്ടു ഗോളടിച്ച് തിരിച്ചു പിടിച്ചിരുന്നു. ആദ്യ പകുതിയിലായിരുന്നു അര്‍ജന്റീനയുടെ രണ്ട് ഗോളുകളും. മെസ്സിയും ഡിമരിയയുമാണ് ആല്‍ബിസെലെസ്റ്റെകള്‍ക്കായി ഗോളുകള്‍ നേടിയത്. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടിയതോടെയാണ് കളി അധിക സമയത്തേയ്ക്ക് നീണ്ടു. സൂപ്പര്‍ താരം എംബാപ്പെ രണ്ട് ഗോളുകള്‍ നേടി ഫ്രാന്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 80–ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയും 81-ാം മിനുട്ടില്‍ കിടിലന്‍ ഫിനിഷിങ്ങിലൂടെയും ബോള്‍
വലയിലെത്തിച്ച എംബാപ്പെ ഫ്രാന്‍സിന് ജീവശ്വാസം നല്കി. കളി വിജയിച്ചുവെന്ന് അര്‍ജന്റീന ആരാധകര്‍ ആത്മവിശ്വാസത്തില്‍ നില്ക്കുന്ന സമയത്താണ് ഫ്രഞ്ച് പട ആക്രമണം നടത്തിയത്.അധിക സമയത്തിന്റെ രണ്ടാം പകുതിയിൽ മിശിഹായുടെ ഗോളിൽ വീണ്ടും അർജന്റീന ഉയിർത്തെഴുന്നേറ്റു. പിന്നാലെ എംബാപ്പെയുടെ ഗോളിൽ വീണ്ടും ഫ്രാൻസ് സമനില പിടിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന ഗോളുകൾ കൊണ്ട്
വലനിറക്കുകയായിരുന്നു. ഖത്തർ ലോകകപ്പിൽ കിലിയൻ എംബാപ്പെയ്ക്കാണ് ഗോൾഡൻ ബൂട്ട്. ഗോൾഡൻ ബോൾ ലയണൽ മെസ്സിയും സ്വന്തമാക്കി. ഈ ലോകകപ്പിൽ എട്ട് ഗോളുകളടിച്ചാണ് ഗോൾഡൻ ബൂട്ട് എംബാപ്പെ സ്വന്തമാക്കിയത്. അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന് ഗോൾഡൻ ഗ്ലൗ പുരസ്കാരവും അർജന്റീനയുടെ എൻസോ ഫെർണാണ്ടസിന് യുവ കളിക്കാരനുളള അവർഡും ലഭിച്ചു.
Discussion about this post