കൊൽക്കത്ത: ഗവര്‍ണര്‍ ഫോണുകള്‍ ചോര്‍ത്തുകയാണെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും മമത ആരോപിച്ചു. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തതായും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
എന്നെയോ എന്റെ ഉദ്യോഗസ്ഥരെയോ അധിക്ഷേപ്പിച്ച് അദ്ദേഹം എല്ലാ ദിവസവും എന്തെങ്കിലും ട്വീറ്റ് ചെയ്യുന്നുവെന്നും മമത പറഞ്ഞു. ഭരണഘടനാ വിരുദ്ധവും അധാർമ്മികവുമായ കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. അതിനാൽ ഗവർണറെ താൻ ബ്ലോക്ക് ചെയ്തുവെന്നും മമത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാക്കുകള്‍ ചെവിക്കൊള്ളാതെ ഗവര്‍ണര്‍ എല്ലാവരേയും ഭീഷണിപ്പെടുത്തുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ കഷ്ടപ്പെടുകയാണ്. പല ഫയലുകളും അദ്ദേഹം നോക്കിയിട്ടില്ല. എല്ലാ ഫയലുകളും കെട്ടിക്കിടക്കുകയാണ്. നയപരമായ തീരുമാനങ്ങളെക്കുറിച്ച് അദ്ദേഹത്തോട് എങ്ങനെ സംസാരിക്കാനാകുമെന്നും മമത ചോദിച്ചു.
ഗവര്‍ണറെക്കുറിച്ച് പരാതിപ്പെട്ട് പ്രധാനമന്ത്രിക്ക് നിരവധി കത്തുകള്‍ എഴുതിയിട്ടുണ്ടെന്നും മമത പറഞ്ഞു. അതേസമയം മമതയുടെ പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെ ഗവര്‍ണറുടെ ചുമതലകള്‍ വ്യക്തമാക്കുന്ന ഭരണഘടനയുടെ 159-ാം അനുച്ഛേദത്തിന്റെ സ്ക്രീന്‍ഷോട്ട് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ ട്വിറ്ററില്‍ പങ്കുവച്ചു.
Discussion about this post