മലപ്പുറം: മത്സരം തുടങ്ങാനിരിക്കെ ഫുട്‌ബോൾ ഗാലറി തകർന്നു നൂറോളം പേർക്ക് പരിക്കേറ്റ സംഭവത്തിൽ കാളികാവ് പൊലീസ് കേസെടുത്തു. സംഘാടകർക്കെതിരെയാണ് കേസെടുത്തത്. കാളികാവ് പൂങ്ങോട് ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ നൂറോളം പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ പരിക്കേറ്റവർ നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
പ്രദേശത്തെ ഏതാനും ചെറുപ്പക്കാരുടെ സംഘടനയാണ് ടൂർണമെന്റ് നടത്തിയത്. അതിനാൽ അധികം ജനക്കൂട്ടത്തെ ഇവർ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അവധി ദിവസമായതിനാൽ ഫുട്ബോൾ മത്സരം കാണാൻ ആറായിരത്തോളം പേരാണ് ഗ്രൗണ്ടിലെത്തിയത്.
യൂണൈറ്റഡ് എഫ് സി നെല്ലിക്കുത്തും റോയൽ ട്രാവൽ കോഴിക്കോടും തമ്മിലുള്ള ഫൈനൽ മത്സരം തുടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്.
താത്ക്കാലികമായി കെട്ടിയുയർത്തിയ കവുങ്ങ് കൊണ്ടുള്ള ഗാലറി തകർന്ന് വീഴുകയായിരുന്നു. ഗ്രൗണ്ടിന് കിഴക്ക് ഭാഗത്തുള്ള ഗാലറിയാണ് തകർന്നുവീണത്. ഗാലറിയോട് ചേർന്ന് സ്ഥാപിച്ചിരുന്ന താത്ക്കാലിക ഫ്ളഡ്‌ലിറ്റ് സ്റ്റാൻഡും തകർന്നു വീണു. ഇത് ദേഹത്തേക്ക് വീണും, തുടർന്ന് ഉണ്ടായ ഉന്തിലും തള്ളിലും പെട്ടാണ് നിരവധി പേർക്ക് പരിക്കേറ്റത്.
Discussion about this post