തുറയൂർ: ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി മുണ്ടാളി താഴെ ബ്രാഞ്ച് അംഗവും കലാസാംസ്കാരിക പ്രവർത്തകനുമായ മലാപ്പറമ്പ് ശ്രീധരൻ ഓർമ്മയായി. അഞ്ചു പതിറ്റാണ്ടിലേറെ കാലം തുറയൂരിലെ പൊതുരംഗത്തും കലാ സാംസ്കാരിക രംഗത്തും നിറസാന്നിദ്ധ്യമായിരുന്നു ശ്രീധരൻ. കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപടുക്കുന്നതിലും കർഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും നിസ്തുല സേവനം നിർവഹിച്ചു. നിരവധി നാടകങ്ങളിൽ അഭിനേതാവായും രംഗ ഭാഷ്യം ചമച്ചും അരങ്ങിൽ നിറഞ്ഞു നിന്ന കലാകാരനായിരുന്നു ശ്രീധരൻ. തുറയൂരിലെ അറിയപ്പെടുന്ന ശില്പിയായിരുന്നു. മരണം വരെ സക്രിയമായിരുന്നു അദ്ദേഹത്തിന്റെ കലാഹൃദയം. തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂൾ, തുറയൂർ എ എൽ പി സ്കൂൾ എന്നിവിടങ്ങളിലെ പി ടി എ പ്രസിഡന്റായും പ്രവർത്തിച്ചു.
മലാപ്പറമ്പ് ശ്രീധരൻ്റെ വിയോഗത്തിൽ പയ്യോളി അങ്ങാടിയിൽ സർവ്വകക്ഷി അനുശോചനം നടന്നു. പി ബാലഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ആർ ശശി, എം മൊയ്തീൻ, കോവുമ്മൽ മുഹമ്മദലി, നാഗത്ത് നാരായണൻ, മാവുള്ളാട്ടിൽ മധു, കൊട്ടക്കാട്ട് ശ്രീനിവാസൻ, സി. ബിജു മാസ്റ്റർ, പി ടി ശശി, വിപിൻ കൈതക്കൽ, കെ പി ജയന്തി, വെട്ടുകാട്ടിൽ അബ്ദുള്ള, കെ ടി ബാബു, പി അശോകൻ എന്നിവർ പ്രസംഗിച്ചു.
Discussion about this post