പയ്യോളി: “എത്ര പഴുത്ത, മനോഹരമായ പഴങ്ങളുണ്ടെങ്കിലും കാഞ്ഞിരവൃക്ഷത്തിന് നേരെ ആരും കല്ലെറിയില്ല, എന്നാലോ കായ്ച്ചു നിൽക്കുന്ന മധുരിക്കുന്ന മാമ്പഴത്തെ തലയിലേറ്റി നിൽക്കുന്ന മാവിനെയാണ് കല്ലെറിയുക”….
വർഷങ്ങൾക്ക് മുമ്പ് അയനിക്കാട് ഫൈറ്റേഴ്സ് മാതൃഭൂമി സ്റ്റഡി സർക്കിളിൻ്റെ വ്യക്തിത്വ വികസന ക്യാംപിന് ആശംസകളർപ്പിച്ച് പ്രസംഗിച്ച മലബാർ കേളപ്പൻ എന്നറിയപ്പെടുന്ന വി കേളപ്പൻ്റെ (പാറോൽ) വാക്കുകളായിരുന്നു ഇത്. അതി മനോഹരമായ, ആരെയും ആകർഷിക്കുന്ന ഗാംഭീര്യമാർന്ന ആ ശബ്ദം വിട പറഞ്ഞു.
ഇദ്ദേഹത്തിന്റെ ഘന ഗംഭീര ശബ്ദം പല സംഘടനകളും പ്രയോജനപ്പെടുത്തിയിരുന്നു. കലാസാംസ്കാരി സമിതികളും ഇലക്ഷൻ പ്രചാരണത്തിനും ശബ്ദം ഉപയോഗിച്ചു. ജില്ലയിലെ പ്രമുഖ അനൗൺസർമാരിലൊരാളായിരുന്നു കേളപ്പൻ.
അരനൂറ്റാണ്ടിലേറെക്കാലം നീണ്ട നാടക സപര്യ. എൺപതോളം നാടകങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ തിളങ്ങി. കേരളത്തിലുടനീളം നാടകമവതരിപ്പിച്ച് മുക്തകണ്ഠ പ്രശംസയേറ്റുവാങ്ങി. കോഴിക്കോട് ശാന്താദേവി, കുട്ട്യേടത്തി വിലാസിനി, സാവിത്രി ശ്രീധരൻ്റെ ബാലുശ്ശേരി സരസ, ആഹ്വാൻ – സബാസ്റ്റ്യൻ, കായലാട്ട് രവീന്ദ്രൻ, പൂന്തുറ സോമൻ, ഇരിങ്ങൽ നാരായണി തുടങ്ങി അരങ്ങിൻ്റെ പ്രതിഭകളോടൊപ്പം 15 വർഷത്തിലേറെ കാലം ഒന്നിച്ചു പ്രവർത്തിക്കാനും കേളപ്പന് കഴിഞ്ഞു.
പ്രശസ്ത സാഹിത്യകാരനും നാടകകൃത്തുക്കളുമായ പള്ളിക്കര വി പി മുഹമ്മദ്, ഭാസി തിക്കോടി, മേലടി മുഹമ്മദ് തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ജോൺ എബ്രഹാമിൻ്റെ അമ്മ അറിയാൻ എന്ന സിനിമയിലും ചെറിയതെങ്കിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. രണ്ട് സീരിയലുകൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. ഗവ. പ്രസ്സ് ജീവനക്കാരനായിരുന്ന കേളപ്പന് ഗവ. പ്രസ്സ് അസോസിയേഷൻ സംസ്ഥാന തല നാടക മത്സരത്തിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും, ചെറുപ്പം മുതലേയുള്ള രാഷ്ട്രീയ സ്വയം സേവക സംഘവുമായുള്ള ബന്ധവും അദ്ദേഹത്തെ ബി ജെ പിയുടെ സംസ്ഥാന കൗൺസിലിൽ വരെയെത്തിച്ചു. ഒരു തവണ നഗരസഭയിലേക്ക് മത്സരിച്ചുവെങ്കിലും വിരലിലെണ്ണാവുന്ന വോട്ടുകൾക്ക് പരാജയപ്പെട്ടു. ബി ജെ പിയുടെ നേതൃപദവികൾ അലങ്കരിക്കുമ്പോഴും എല്ലാ രാഷ്ട്രീയക്കാരുമായും നല്ല സൗഹൃദം പുലർത്തിയിരുന്നു അദ്ദേഹം.
കേരളാ സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് പയ്യോളി ബ്ലോക്ക് പ്രസിഡണ്ട്, ശ്രീ നാരായണ സഹോദര ധർമ്മവേദി ജില്ലാ വൈസ് പ്രസിഡണ്ട്, ഗുരു നിത്യചൈതന്യയതി ട്രസ്റ്റ് വൈസ് പ്രസിഡണ്ട്, അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രം വൈസ് പ്രസിഡണ്ട്, ജനകീയ തീരസംരക്ഷണ സമിതി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കാര്യമായ അസുഖങ്ങളൊന്നും ഇല്ലാതിരുന്ന ഇദ്ദേഹം ഇന്നലെ വൈകീട്ട് തളർന്നു വീണതിനെ തുടർന്നു ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. ഇന്ന് രാവിലെ 11.30 ഓടെ, വേദികളെ ആവേശഭരിതമാക്കിയ ആ ശബ്ദത്തെ തീനാളം ഏറ്റുവാങ്ങി.
Discussion about this post