പയ്യോളി: മഹാത്മാ ഗാന്ധിജിയുടെ ജീവിത ഘട്ടങ്ങളെ മരപ്പലകയിൽ വരച്ച് ചേർത്ത് സർഗാലയ ആർട്ട് ഡിസൈനറായ പ്രശസ്ത ചിത്രകാരൻ അശോക് കുമാർ ഏഷ്യ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി. ഒരു മണിക്കുറിനുള്ളിൽ ഗാന്ധിജിയുടെ ചെറുപ്പം മുതലുള്ള പതിനൊന്ന് ഛായാചിത്രങ്ങൾ മരപ്പലകയിൽ ആലേഖനം ചെയ്തു കൊണ്ടാണ് അദ്ദേഹം ഈ അവിസ്മരണീയ നേട്ടം കൈവരിച്ചത്.
ഗാന്ധിജിയുടെ 74 -ാം രക്തസാക്ഷി ദിനത്തിലാണ് ഒരു മണിക്കൂറിൽ ചിത്രം പൂർത്തിയാക്കിയത്. എന്നും നിലനിൽക്കുന്നതും എന്നും പ്രസക്തിയുള്ളതുമാണ് ഗാന്ധിജിയുടെ സന്ദേശങ്ങൾ. അതിനെ പ്രതിനിധീകരിക്കുന്ന രീതിയിലാണ് എന്നും നിലനിൽക്കുന്ന മരത്തടിയിൽ തന്നെ ചിത്രം ആലേഖനം ചെയ്തത്. മരത്തിൽ അക്രിലിക് ചായങ്ങളെ പ്രത്യേക രീതിയിൽ സമന്വയിപ്പിച്ചാണ് ചിത്രങ്ങൾ വരയ്ക്കുന്നതെന്ന് അശോക് പറയുന്നു. ഈയൊരു മാധ്യമം ചിത്രകലയിൽ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ചിത്രകലയിൽ ഹയർ ഡിപ്ലോമയും ചിത്രകലാ അധ്യാപക പരിശീലന കോഴ്സായ ഫൈൻ ആർട്സ് സർട്ടിഫിക്കറ്റു കോഴ്സും മികച്ച നിലയിൽ പാസ്സായിട്ടുണ്ട് അശോക് കുമാർ. ഇപ്പോൾ സർഗാലയയിലെ ആർട്ട് ഡിസൈനറായി ജോലി ചെയ്തു വരുന്നു .
സർഗാലയയിൽ പരിസ്ഥിതി സൗഹൃദമായ മെമെന്റോകളും വൈവിധ്യമേറിയ കരകൗശല സമ്മാനങ്ങളും കൂടാതെ ഛായാ ചിത്രങ്ങളും മരപ്പലകയിൽ കസ്റ്റമൈസ് ചെയ്ത് നൽകുന്നു. ഇരിങ്ങൽ എടവലത്ത് സ്വദേശിയായ അശോക് കുമാറിൻ്റെ ഭാര്യ വിജിത. അശ്വജ് ശങ്കർ, ആയുഷ് അശോക് എന്നിവർ മക്കളാണ്.
Discussion about this post