മുംബയ്: മഹാരാഷ്‌ട്രയിലെ വാദ്മുഖ്‌വാഡിയിലാണ് സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് അഞ്ച് വയസുകാരി കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. രാധാ ഗോകുൽ ഗാവ്‌ലി എന്ന കുട്ടിയാണ് മരിച്ചത്. നാല് വയസുള്ള ആർതി ഗാവ്‌ലി, രാജു ഗാവ്‌ലി എന്നിവർക്ക് പരിക്കേറ്റു. പൂനെ നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ വാദ്മുഖ്‌വാഡിയിലെ ഒരു കരിമ്പ് തോട്ടത്തിന് സമീപമുള്ള തുറസായ സ്ഥലത്താണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അപകടം ഉണ്ടായത്. പരിക്കേറ്റ കുട്ടികളെ പ്രാദേശിക സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാധാ ഗോകുൽ ഗാവ്‌ലി മരണപ്പെടുകയായിരുന്നു.
മരിച്ച കുട്ടിയുടെ മാതാപിതാക്കൾ പാൽ കച്ചവടക്കാരാണ് .കാട്ടുമൃഗങ്ങളെയോ അലഞ്ഞുതിരിയുന്ന മൃഗങ്ങളെയോ കൊല്ലാൻ വയലുകളിൽ സാധാരണയായി സ്ഥാപിക്കുന്ന സഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസിലായതായി ദിഗി പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ദിലീപ് ഷിൻഡെ പറഞ്ഞു. ഈ സ്‌ഫോടകവസ്തുക്കൾ അപകട സ്ഥലത്തെത്തിയതിനെ കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായും ഷിൻഡെ വ്യക്തമാക്കി. ടേബിൾ ടെന്നീസ് ബോളുകളുടെ ആകൃതിയിൽ കാണപ്പെടുന്ന സ്ഫോടക വസ്തുക്കൾ കുട്ടികൾ കളിയ്ക്കാനായി എടുത്തതാവാം അപകടത്തിന് കാരണമായതെന്നും പൊലീസ് സൂചിപ്പിച്ചു.
Discussion about this post